ഇഷാനും ജാന്‍വിയും ഒന്നിക്കുന്ന ഹിന്ദി സിനിമ ധഡക് എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. സൂപ്പര്‍ഹിറ്റ് മറാത്തി ചിത്രമായ സൈറാത്തിന്റെ റീമേക്ക് ആണ് ഹിന്ദി സിനിമയായ ധഡാക്ക്. ചിത്രത്തിന്റെ റിലീസിനായി ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ചിത്രത്തിലെ നായകന്റെയും നായികയുടെയും പ്രണയവും ഡേറ്റിംഗുമെല്ലാം വാര്‍ത്തയാകുകയാണ്. എന്നാല്‍ ഇത് പബ്ലിക് സ്റ്റണ്ടാണെന്ന് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ഇന്ത്യ.ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

യുവതാരങ്ങളായ ഇഷാനും ജാന്‍വിയും ഒന്നിച്ച് അടുത്തിടെ ഇസ്‍താനാബുളില്‍ ഷോപ്പിംഗ് നടത്തിയത് ഗോസിപ്പ് കോളങ്ങളില്‍ വാര്‍ത്തയായിരിരുന്നു. ഇരുവരും ഒന്നിച്ച് അത്താഴവിരുന്നിന് പോകുന്നതും ഒരേ ജിമ്മില്‍ പോകുന്നതും ഒക്കെ ഗോസിപ്പായി മാറിയിരുന്നു. ഇരുവരുടെയും കുടുംബങ്ങളില്‍ നിന്ന് താക്കീത് ലഭിച്ചെന്നും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ടായതായും സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. എന്നാല്‍ ഇതൊക്കെ സിനിമയുടെ പ്രചാരണത്തിനായി മുന്‍കൂട്ടി തീരുമാനിച്ച് നടത്തുന്ന പബ്ലിക് സ്റ്റണ്ടാണെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡിലെ പ്രണയകഥകളില്‍ ആരാധകര്‍ക്കും സിനിമാ മാധ്യമങ്ങള്‍ക്കും താല്‍പര്യമുണ്ടാകുമെന്ന് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് അറിയാം. ഒരു ദുരന്ത പ്രണയകഥയാണ് സിനിമയില്‍ പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ പ്രണയജോഡികളായി ഇഷാനും ജാന്‍വിയും അഭിനയിക്കുന്നത് സിനിമയോട് താല്‍പര്യം കൂട്ടാന്‍ വേണ്ടി മാത്രമാണ് - സിനിമയുടെ അണിയറപ്രവര്‍ത്തകരുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞതായി ഇന്ത്യ ഡോട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.