സംഘര്‍ഷഭരിതമായി ബിഗ് ബോസ് ഹൌസ്. അരിസ്റ്റോ സുരേഷും പേളി മാണിയും തമ്മിലുള്ള അടുപ്പത്തെ ചൊല്ലിയുള്ള സംസാരമാണ് ഏറ്റവുമൊടുവില്‍ വാക് തര്‍ക്കത്തിലേക്കും പൊട്ടിക്കരച്ചലിലേക്കും നയിച്ചത്. പേളി മാണി അതിരുകവിഞ്ഞ അടുപ്പം കാണിക്കുന്നുണ്ടെന്നായിരുന്നു അരിസ്റ്റോ സുരേഷ് പറഞ്ഞത്. എന്നാല്‍ അരിസ്റ്റോ സുരേഷിനോട് തനിക്ക് ഇഷ്‍ടമാണെന്നും അത് പ്രണയമെന്നുമല്ലായിരുന്നു പേളി മാണി പറഞ്ഞത്.

അനുപ് ചന്ദ്രനും സാബുവും സുരേഷിനോട് സംഭവം എന്തെന്ന് ആരാഞ്ഞു. പേളിക്ക് തന്നോട് ഇഷ്‍ടമാണെന്ന് പെരുമാറ്റത്തില്‍ നിന്ന് തോന്നിയിട്ടുണ്ടെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു. അരിസ്റ്റോ സുരേഷിന് തിരിച്ച് അങ്ങോട്ട് പ്രണയമാണോ എന്നായിരുന്നു അനൂപ് ചന്ദ്രന്റെ മറുചോദ്യം. നിങ്ങളൊക്കെ എന്നെ കുറിച്ച് എന്താണ് വിചാരിക്കുന്നത് എന്നായിരുന്നു അരിസ്റ്റോ സുരേഷ് മറുപടി പറഞ്ഞത്.

തുടര്‍ന്ന് അനൂപ് ചന്ദ്രൻ പേളിയോടും ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചു. അരിസ്റ്റോ സുരേഷിന് തനിക്ക് അവോയിഡ് ചെയ്യാനാകില്ലെന്നായിരുന്നു പേളി പറഞ്ഞത്. അരിസ്റ്റോ സുരേഷിനോട് തനിക്ക് ഇഷ്‍ടമാണ്. പക്ഷേ മറ്റൊരു തരത്തിലല്ല. ഒരു ഏട്ടനെപ്പോലെയാണെന്നും പേളി പറഞ്ഞു.

രാത്രി മീറ്റിംഗിനിടയില്‍ വീണ്ടും സംഭവം ചര്‍ച്ചയായി. പേളിയെ കുറച്ച് ബിഗ് ബോസ് വീട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ടെന്ന് സാബുവായിരുന്നു പറഞ്ഞത്. എന്നാല്‍ അത് തന്നെക്കുറിച്ചുമായിരിക്കുമെന്ന് തിരിച്ചറിഞ്ഞ് അരിസ്റ്റോ സുരേഷ് എഴുന്നേറ്റു. മനുഷ്യരായാല്‍ ഇത്രയ്‍ക്കും തരംതാഴരുതെന്നും ആരെക്കുറിച്ചും ഇങ്ങനെ ചിന്തിക്കരുതെന്നും  അരിസ്റ്റോ സുരേഷ് പറഞ്ഞു. പക്ഷേ അദ്ദേഹത്തെ മറ്റുള്ളവര്‍ പിടിച്ചിരുത്താൻ ശ്രമിച്ചു. എന്നാല്‍ സങ്കടവും ദേഷ്യവും ഒരുമിച്ച് വന്ന അവസ്ഥയിലായിരുന്നു അരിസ്റ്റോ സുരേഷ്. അരിസ്റ്റോ സുരേഷിനെ വേദനിപ്പിക്കരുതെന്ന് പേളിയും പറഞ്ഞു.

തനിക്ക് ബിഗ് ബോസിനെ കാണണമെന്ന് അരിസ്റ്റോ സുരേഷ് അഭ്യര്‍ഥിച്ചു. തങ്ങളുടെ ജീവിതം വെച്ച് ഇങ്ങനെ കളിക്കരുതെന്നും പറഞ്ഞ് അരിസ്റ്റോ സുരേഷ് പൊട്ടിക്കരയുകയായിരുന്നു. അതിനിടയില്‍, എല്ലാത്തിനും കാരണക്കാരി പേളിയാണെന്ന് രഞ്ജിനിയും പറഞ്ഞു. പേളി പറഞ്ഞിട്ടാണ് ഇക്കാര്യം ചര്‍ച്ച ചെയ്‍തതെന്നും രഞ്ജിനി പറഞ്ഞു. അരിസ്റ്റോ സുരേഷിനെ കുറിച്ച് പുറംലോകം മോശം പറയരുതെന്നും രഞ്ജിനി പറഞ്ഞു. എന്നാല്‍ ഇടപെട്ട് പ്രശ്‍നം വലുതാക്കരുതെന്നായിരുന്നു പേളി പറഞ്ഞത്. അതേസമയം അരിസ്റ്റോ സുരേഷ് നിരപരധിയാണെന്നത് ലോകം അറിയണമെന്നും പറഞ്ഞ് അതിഥിയും രംഗത്ത് എത്തി. തുടര്‍ന്ന് അതിഥിയും പേളിയും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കവുമുണ്ടായി. ഒടുവില്‍ മഴ പെയ്തതോടെയാണ് മറ്റുള്ളവര്‍ അകത്തേയ്ക്ക് പോയത്. പേളിയോട് അകത്തോട്ടു പോകാൻ അരിസ്റ്റോ സുരേഷ് പറഞ്ഞെങ്കിലും പേളി തയ്യാറായില്ല. താൻ ഇവിടെ നില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞോട്ടെയും പേളി പറഞ്ഞു.