മോഹൻലാല്‍ നിറഞ്ഞുനിന്ന ബിഗ് ബോസ് ആയിരുന്നു ഇത്തവണത്തേത്. മത്സരാര്‍ഥികളോട് വിശേഷങ്ങള്‍ ചോദിച്ചും കൌതുകകരമായ ടാസ്‍കുകള്‍ നല്‍കിയും മോഹൻലാല്‍ ഷോ മുന്നോട്ടു കൊണ്ടുപോയി. ഒരു നിറം കൊണ്ട് ഒരാളെ നിര്‍വചിക്കാനായിരുന്നു മോഹൻലാല്‍ നല്‍കിയ ടാസ്‍ക്കുകളില്‍ ഒന്ന്. ഓരോരുത്തരും, ഓരോ നിറവും ഓരോ ആളെയും സൂചിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നും വിവരിച്ചു.

അരിസ്റ്റോ സുരേഷിന് മോഹൻലാല്‍ നല്‍കിയ നിറം നീലയായിരുന്നു. പേര്‍ളി ആണ് നീല നിറത്തിന് യോജിച്ചതെന്ന് അരിസ്റ്റോ സുരേഷ് പറഞ്ഞു. ആകാശം പോലെ വിശാലമായ മനസ്സുള്ള ആളാണ് പേളി. തമ്മില്‍ എന്തെങ്കിലും പ്രശ്‍നങ്ങള്‍ ഉണ്ടെങ്കിലും ഒരാള്‍ക്ക് ഒരു ബുദ്ധിമുട്ടുണ്ടായാല്‍ പേര്‍ളി ഒപ്പമുണ്ടാകും എന്നായിരുന്നു സുരേഷ് പറഞ്ഞത്. മഞ്ഞ നിറം ടാസ്‍കായി കിട്ടിയ ഷിയാസ് അത് സാബുവിനാണ് യോജിക്കുകയെന്ന് പറഞ്ഞു. യെല്ലെ  യെല്ലോ ഡേര്‍ട്ടി ഫെലോ എന്നായിരുന്നു ഷിയാസ് അതിനു കണ്ട ന്യായീകരണം. വെള്ള അരിസ്റ്റോ സുരേഷിനാണ് യോജിക്കുകയെന്ന് അര്‍ച്ചനയും പറഞ്ഞു. കാരണം ബിഗ് ബോസിലെ ഏറ്റവും ശുദ്ധനായ മനുഷ്യനാണ് അരിസ്റ്റോ സുരേഷ് എന്ന് അര്‍ച്ചന പറഞ്ഞു. ബ്ലാക്ക് ഷിയാസിനാണ് ചേരുക, കാരണം ഷിയാസിന് അത് ഇഷ്‍ടപ്പെട്ട നിറമാണെന്നായിരുന്നു അതിഥി പറഞ്ഞത്. തനിക്ക് ഒരു നിറം പറയൂ എന്ന് ചോദിച്ചപ്പോള്‍ റോസപ്പൂവിന്റെ നിറം ആണെന്നായിരുന്നു അരിസ്റ്റോ സുരേഷിന്റെ മറുപടി.

ഷോ മുന്നേറുമ്പോള്‍ ശ്രീനിഷിന്റെയും പേര്‍ളിയുടെയും പ്രണയത്തെ കുറിച്ച് ചോദിക്കാനും മോഹൻലാല്‍ മറന്നില്ല. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുണ്ടായ വഴക്കിനെ കുറിച്ചായിരുന്നു മോഹൻലാലിന്റെ ചോദ്യം. ആരാണ് ശശിയായത്, പ്രക്ഷകരാണോ എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം. എന്നാല്‍ അവഗണിക്കുന്നുവെന്ന തോന്നലുണ്ടാകുമ്പോള്‍ അത് വേദനിപ്പിക്കുമെന്നായിരുന്നു ശ്രീനിഷിന്റെ മറുപടി. പ്രണയം സ്വകാര്യമായ ഒന്നാണെന്നായിരുന്നു പേര്‍ളിക്ക് പറയാനുണ്ടായത്. അതിനിടെ തന്റെ പ്രണയത്തെ കുറിച്ച് അതിഥിയും സംസാരിച്ചു. മുമ്പ് ഒരു പ്രണയം ഉണ്ടായിരുന്നുവെന്നുവെന്ന് അതിഥി പറഞ്ഞു. അയാളോട് ഇപ്പോഴും മനസ്സില്‍ പ്രണയം സൂക്ഷിക്കുന്നുണ്ടെന്നും അതിഥി പറഞ്ഞു. പ്രണയിക്കാൻ പേടിയാണ് എന്നായിരുന്നു അരിസ്റ്റോ സുരേഷ് പറഞ്ഞത്.