ബിഗ് ബോസ് ഹൗസില്‍ ഇപ്പോള്‍ ആകെയുള്ള എട്ട് മത്സരാര്‍ഥികളില്‍ ആറ് പേരും ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. 

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് അതിന്റെ അവസാന പാദത്തിലേക്ക് കടക്കുകയാണ്. പലപ്പോഴായി ബിഗ് ബോസ് തന്നെ അത് മത്സരാര്‍ഥികളോട് പറയുന്നുണ്ട്. ഗ്രാന്റ് ഫിനാലെയിലേക്ക് ഇനി ദൂരം അധികമില്ലെന്നും വ്യക്തിപരമായ വൈകാരികതകള്‍ മാറ്റിവച്ച് മത്സരം എന്ന നിലയില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ബുധനാഴ്ച എപ്പിസോഡില്‍ ബിഗ് ബോസ് പറഞ്ഞിരുന്നു. ഒട്ടേറെ നിബന്ധനകള്‍ക്ക് വിധേയമായുള്ള ബിഗ് ബോസ് ഹൗസിലെ താമസം തുടരാനാവില്ലെന്നും പുറത്തുപോകണമെന്നും ഏതാണ്ട് എല്ലാ മത്സരാര്‍ഥികളും പലപ്പോഴായി പറഞ്ഞിരുന്നു. എന്നാല്‍ ബിഗ് ബോസ് അവസാനിക്കാറാകുമ്പോള്‍ അതില്‍ പലരുടെയും മനസ് മറ്റൊരു രീതിയിലാണ്. പലപ്പോഴും വിട്ട് പോകണമെന്ന് തോന്നിയിരുന്നുവെങ്കിലും ഷോ അവസാനിക്കാറാവുമ്പോള്‍ പ്രയാസമാണ് തോന്നുന്നതെന്ന് അരിസ്‌റ്റോ സുരേഷ് വ്യാഴാഴ്ച എപ്പിസോഡില്‍ പറഞ്ഞു. 

സാബുവിനോടുള്ള സൗഹൃദസംഭാഷണത്തിനിടെയായിരുന്നു സുരേഷിന്റെ പരാമര്‍ശം. താന്‍ ഇത്രയും ദിവസങ്ങള്‍ അടുപ്പിച്ച് ഒരു സ്ഥലത്തും നിന്നിട്ടില്ലെന്നും ബിഗ് ബോസ് ഹൗസ് വിട്ടുപോകാന്‍ ഇപ്പോള്‍ വിഷമം തോന്നുന്നുവെന്നും അരിസ്‌റ്റോ സുരേഷ് പറഞ്ഞു. ഞാന്‍ വീട്ടില്‍ പോലും ഇങ്ങനെ നിന്നിട്ടില്ല. നേരത്തേ പലപ്പോഴും ഇവിടെനിന്ന് പോകണമെന്നൊക്കെ തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോള്‍ അവസാനിക്കാറാകുമ്പോള്‍ പ്രയാസം തോന്നുന്നു. ഇവിടെയുള്ളവരോടൊക്കെ അത്രയും ആത്മബന്ധമായിപ്പോയി. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ കുറച്ചുദിവസത്തേക്കെങ്കിലും ഗസ്റ്റ് ആയി പങ്കെടുപ്പിക്കുമോ എന്ന് താന്‍ ചോദിച്ചിട്ടുണ്ടെന്നും അരിസ്‌റ്റോ സുരേഷ് സാബുവിനോട് പറഞ്ഞു.

അതേസമയം ബിഗ് ബോസ് ഹൗസില്‍ ഇപ്പോള്‍ ആകെയുള്ള എട്ട് മത്സരാര്‍ഥികളില്‍ ആറ് പേരും ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. സാബുമോന്‍, അര്‍ച്ചന സുശീലന്‍, പേളി മാണി, ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, ബഷീര്‍ ബാസി എന്നിവര്‍ക്കാണ് എലിമിനേഷനിലേക്ക് നോമിനേഷന്‍ ലഭിച്ചത്.