നീറ്റ് വഴി മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത തമിഴ്‌നാട് സ്വദേശി അനിതയുടെ കുടുംബത്തെ നടന്‍ വിജയ് സന്ദര്‍ശിച്ചിരുന്നു. അനിതയുടെ പിതാവിനെ ആശ്വസിപ്പിക്കുന്ന വിജയ്‍യുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്‍തു. എന്നാല്‍ വിജയ്‍യുടെ ആരാധകര്‍ സാമ്പത്തികസഹായം വാഗ്‍ദാനം നല്‍കിയെന്ന് പറഞ്ഞ് അരിയലൂരിലെ രംഗീല എന്ന പെണ്‍കുട്ടി രംഗത്ത് എത്തിയിരുന്നു. പക്ഷേ ഇക്കാര്യം തങ്ങള്‍ക്ക് അറിയില്ല എന്നായിരുന്നു വിജയ് ഫാന്‍ ക്ലബ് അധികൃതര്‍ നേരത്ത പറഞ്ഞത്. പക്ഷേ എന്തായാലും പെണ്‍കുട്ടിയുടെ വിദ്യാഭ്യാസത്തിന് സാമ്പത്തികസഹായം നല്‍കുമെന്ന് പിന്നീട് വിജയ് ഫാന്‍ ക്ലബ് അറിയിക്കുകയും ചെയ്‍തു.

ഫാന്‍സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കപ്പെട്ട അംഗമായിരുന്നു നേരത്തെ സാമ്പത്തിക വാഗ്ദാനം നല്‍കിയത് എന്നാണ് അധികൃതര്‍ പറയുന്നത്. കന്യാകുമാരിയിലെ കോളേജില്‍ വിദ്യാര്‍ഥിനിയുടെ ഉന്നതവിദ്യാഭ്യാസത്തിന് വേണ്ട പണം സംഘടന വഹിക്കുമെന്നാണ് വിജയ്‍യുടെ ഫാന്‍സ് അസോസിയേഷന്‍ പറയുന്നത്.