50 വര്‍ഷങ്ങള്‍ക്കു മുമ്പ് ജർമ്മനിയിലേക്ക് കന്യാസ്ത്രീകളാകാൻ പോയ മലയാളികൾ എവിടെ-? ഉത്തരം തേടി ഡോക്യുമെന്ററി
അമ്പത് വർഷങ്ങൾക്ക് മുന്പ്, ഇന്ത്യയിൽ നിന്ന് ജർമ്മനിയിലേക്ക് കന്യാസ്ത്രീകളാകാൻ പോയ നൂറുകണക്കിന് പേർ. അവർ ഇന്നെവിടെയെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ്, അറിയാത്ത ജീവിതങ്ങൾ എന്ന ഡോക്യുമെന്ററി. മാധ്യമപ്രവർത്തകരായ രാജു റാഫേൽ, കെ രാജഗോപാൽ, പ്രവാസി എഴുത്തുകാരൻ ജോസ് പുന്നാംപറന്പിൽ എന്നിവർ ചേർന്നാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്.
1963 മുതൽ 1972 വരെയുള്ള ഒമ്പത് വർഷം. സിറോ മലബാർ സഭയിൽ നിന്ന് പശ്ചിമ ജർമ്മനിയിലെ മഠങ്ങളിലേക്ക് പോയത് എണ്ണൂറോളം മലയാളി പെൺകുട്ടികൾ. സന്യാസിനി മഠങ്ങളിലെ അംഗസംഖ്യ തീരെ കുറഞ്ഞപ്പോഴാണ്, ജർമ്മൻ കത്തോലിക്കസഭയെ സഹായിക്കാൻ സിറോ മലബാർ സഭ തീരുമാനിച്ചത്. എന്നാൽ കുടിയേറ്റത്തിന്റെ ഒന്പതാം വർഷം, വിവാദം സഭയെ പിടിച്ചുകുലുക്കി. കന്യാസ്ത്രീകളാകാൻ പോയ ചിലർ എത്തിപ്പെട്ടത് യൂറോപ്പിലെ വൃദ്ധസദനങ്ങളിൽ. പലരും എവിടെയെന്നു പോലും അറിയില്ല. രാജ്യാന്തര മാധ്യമങ്ങളിൽ കത്തിനിന്ന വിവാദം ഇന്ത്യയിലെ ദേശീയ പത്രങ്ങളും ഏറ്റെടുത്തു. വിഷയം പാർലമെന്റിൽ വരെയെത്തി. ഒടുവിൽ ജർമ്മനിയിലേക്കുള്ള റിക്രൂട്ട്മെന്റ് സഭ നിർത്തിവച്ചു.
വർഷങ്ങൾക്കിപ്പുറം, ജർമ്മനിയിലെ കന്യാസ്ത്രീ മഠങ്ങളിൽ നിന്ന് പഴയ കഥകൾ തേടുകയാണ് ഡോക്യുമെന്ററി.
ജർമ്മനിയിലേക്കുള്ള കുടിയേറ്റത്തിന്റെ ആദ്യ അടയാളപ്പെടുത്തലാണ് ഡോക്യുമെന്ററിയെന്ന് സംവിധായകൻ പറയുന്നു.
