തിരുവനന്തപുരം: ഏഷ്യാനെറ്റ് ടി വി അവാര്‍ഡ് 2016 സംപ്രേക്ഷണം ചെയ്‌ത ദിവസങ്ങളില്‍ ഭൂരിഭാഗം പ്രേക്ഷകരും ഏഷ്യാനെറ്റിനൊപ്പം. ജൂണ്‍ 25, 26 തീയതികളിലാണ് ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് 2016 സംപ്രേക്ഷണം ചെയ്‌തത്. വൈകിട്ട് ഏഴു മണിമുതല്‍ പതിനൊന്നു മണിവരെയായിരുന്നു ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് സംപ്രേക്ഷണം ചെയ്‌തത്. ബാര്‍ക്(ബിഎആര്‍സി), എന്‍സിസിഎസ് എന്നിവയുടെ കണക്ക് പ്രകാരം രണ്ടു ദിവസങ്ങളിലായി എട്ടു മണിക്കൂറോളം നീണ്ട ഏഷ്യാനെറ്റ് ടി വി അവാര്‍ഡ് കണ്ടത് എണ്‍പത് ശതമാനം പ്രേക്ഷകരാണ്. ഈ സമയത്ത് മഴവില്‍ മനോരമ, സൂര്യ, ഫ്ലവേഴ്‌സ്, ഏഷ്യാനെറ്റ് പ്ലസ്, കൈരളി തുടങ്ങിയ ചാനലുകള്‍ കണ്ടത് 20 ശതമാനം പ്രേക്ഷകര്‍ മാത്രമാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ഇതൊരു റെക്കോര്‍ഡായാണ് വിലയിരുത്തുന്നത്. ഭൂരിഭാഗം പ്രേക്ഷകരും ഏഷ്യാനെറ്റ് ടിവി അവാര്‍ഡിനൊപ്പം നിന്നപ്പോള്‍ ഈ രണ്ടു ദിവസമായി മഴവില്‍ മനോരമ കണ്ടത് ഏഴു ശതമാനം പ്രേക്ഷകരും സൂര്യ ടിവി കണ്ടത് അഞ്ചു ശതമാനം പ്രേക്ഷകരുമാണ്. ഫ്ലവേഴ്‌സ് മൂന്നു ശതമാനം പേരും കൈരളി രണ്ടു ശതമാനം പ്രേക്ഷകരും മാത്രമാണ് കണ്ടത്.