'ഉണ്ട'യ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ് പ്രഖ്യാപിച്ചു.

പ്രേക്ഷക ലോകം ആഘോഷമാക്കുന്ന പുത്തൻ അനൗൺസ്മെന്റുമായി ക്യൂബ്സ് എന്റർടൈൻമെന്റ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനാവുന്ന ഖാലിദ് റഹ്മാൻ ചിത്രമാണ് തങ്ങളുടെ പുത്തൻ സിനിമയെന്ന് ഷെരീഫ് മുഹമ്മദിൻ്റെ ക്യൂബ്സ് എൻ്റർടെയിൻമെൻറ് പുറത്ത് വിട്ട വാർത്ത, സോഷ്യൽ മീഡിയയിൽ ഓളങ്ങൾ സൃഷ്ടിക്കുകയാണ്.

പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആയ മാർക്കോ, ഇപ്പൊൾ ചിത്രീകരണം നടക്കുന്ന കാട്ടാളൻ എന്നിവക്ക് ശേഷം ക്യൂബ്സ് എൻ്റർടെയിൻമെൻറ് നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. നിയോഗ് , സുഹാസ്, ഷർഫു എന്നിവർ ചേർന്ന് രചിച്ച ചിത്രം, മമ്മൂട്ടി എന്ന നടനും താരത്തിനും ഉള്ള ആദരമായാണ് ഒരുക്കുന്നത്. വേഷ പകർച്ചകൾ കൊണ്ട് ഓരോ തവണയും നമ്മളെ ഞെട്ടിക്കുന്ന മമ്മൂട്ടി എന്ന മഹാനടൻ പുതു തലമുറയിലെ ശ്രദ്ധേയ സംവിധായകരിൽ ഒരാളായ ഖാലിദ് റഹ്മാനൊപ്പം ഒന്നിക്കുമ്പോൾ പ്രതീക്ഷകളെറെയാണ്.

മലയാളത്തിലെയും മലയാളത്തിന് പുറത്തുമുള്ള ഒട്ടേറെ വമ്പൻ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 2026 ൽ ചിത്രീകരണം ആരംഭിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് മാസ്സ് എൻ്റർടെയ്‌നർ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. ഇന്ത്യൻ സിനിമയിലെ വമ്പൻ സാങ്കേതിക പ്രവർത്തകരാണ് ചിത്രത്തിൻ്റെ പിന്നണിയിൽ അണിനിരക്കുക.

"ഉണ്ട" എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടി - ഖാലിദ് റഹ്മാൻ ടീം ഒന്നിക്കുന്നത്. ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണിത്. ടികി ടാക്കക് ശേഷം നിയോഗ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. മാർക്കോ എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിലൂടെ സിനിമ വിനോദ- വ്യവസായ രംഗത്ത് അതി നൂതന ആശയങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഷെരീഫ് മുഹമ്മദ്, അദ്ദേഹത്തിന്റെ ക്യൂബ്സ് എന്റർടൈൻമെന്റ് ചുക്കാൻ പിടിക്കുന്ന ഈ ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആണ്. ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ, പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ