നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ മലയാള സിനിമയിലെ ഭിന്നിപ്പ് തുറന്നുപറഞ്ഞ് സഹപ്രവര്‍ത്തകര്‍. സംഭവത്തോടെ മലയാള സിനിമ രണ്ടുചേരിയിലായതായി സംവിധായകന്‍ ആഷിഖ് അബു സമ്മതിച്ചു. ദേശീയ ഗാനം വിഷയത്തില്‍ തന്റെ ദേശീയത മറ്റുള്ളവര്‍ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്ന് സംവിധായകന്‍ കമല്‍ പ്രതികരിച്ചു. ഷാര്‍ജ അന്താരാഷ്ട്ര പുസ്‍തകോത്സവവേദിയില്‍ പ്രവാസി സമൂഹവുമായി സംവദിക്കുകയായിരുന്നു ഇരുവരും.

സിനിമക്കാര്‍ സമൂഹത്തിലെ നെറികേടുകള്‍ക്കെതിരെ പ്രതികരിക്കാന്‍ മടിക്കേണ്ടതില്ലെന്നും അവര്‍ സമൂഹത്തിന്റെ ഭാഗമാണെന്നുമുള്ള സന്ദേശം ഉയര്‍ത്തികാട്ടിയാണ് സിനിമാ ഡയറി ചര്‍ച്ചകള്‍ നീണ്ടത്. ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ എണീറ്റ് നില്‍ക്കേണ്ടതില്ലെന്ന സുപ്രീംകോടതി പരാമര്‍ശം ജുഡിഷ്യറിയോടുള്ള അദരവ് കൂട്ടിയതായും തന്റെ ദേശീയത മറ്റുള്ളവര്‍ ചോദ്യം ചെയ്യേണ്ടതില്ലെന്നും സംവിധായകന്‍ കമല്‍ പറഞ്ഞു.

നടി അക്രമിക്കപ്പെട്ട വിഷയത്തില്‍ സിനിമയിലെ മുതിര്‍ന്ന സഹപ്രവര്‍ത്തകരടക്കം ചില പ്രമുഖര്‍ അവനൊപ്പം നിന്ന് സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് സംവിധായകന്‍ ആഷിഖ് അബു പറഞ്ഞു. സംഭവത്തോടെ മലയാള സിനിമ രണ്ട്ചേരിയായി തിരിഞ്ഞുവെന്ന് ആഷിഖ് അബു പറഞ്ഞു.

സ്‍ത്രീയും പുരുഷനും രണ്ട് കോണിലൂടെ സഞ്ചരിക്കേണ്ടവരാണെന്ന ചിന്താഗതി മാറണമെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. നടന്‍ അനൂപ് മേനോനും സംവാദത്തിന്റെ ഭാഗമായി. കമലിന്റെ ആത്മാവിന്‍ പുസ്‍തകത്താളില്‍ എന്ന പുസ്‍തകവും, ഭ്രമയാത്രകള്‍ എന്ന അനൂപ് മേനോന്റെ പുസ്‍തകവും, അതെന്റെ ഹൃദയമായിരുന്നുവെന്ന ആഷിഖ് അബു- റിമ കല്ലിങ്കലിന്‍റെ പുസ്‍തകവും ചടങ്ങില്‍ പ്രകാശനം ചെയ്‍തു.