നാളെ നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ മത്സരാര്‍ഥികളും മോഹന്‍ലാലുമായുള്ള വര്‍ത്തമാനം മാത്രമല്ല ഉണ്ടാവുക. ഇപ്പോള്‍ അവശേഷിക്കുന്ന അഞ്ച് ഫൈനലിസ്റ്റുകള്‍ക്കൊപ്പം ഇതുവരെ പുറത്താക്കപ്പെട്ട മുഴുവന്‍ മത്സരാര്‍ഥികളും വേദിയിലെത്തും.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് അവസാനിക്കാന്‍ ഇനി ഒരു ദിവസം കൂടി മാത്രം. അവസാനത്തെ എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യുമ്പോള്‍ നാളെയാണ് ഗ്രാന്റ് ഫിനാലെ. അവസാനദിനത്തിലേക്ക് അടുക്കുമ്പോള്‍ ജനപ്രീതിയില്‍ ഏറെ മുന്നോട്ടുപോയ ഷോയുടെ അടുത്ത സീസണ്‍ ഉണ്ടാവുമോ? അങ്ങനെയെങ്കില്‍ അത് എന്നാവും ടെലിവിഷനിലെത്തുക? അനേകം ബിഗ് ബോസ് പ്രേക്ഷകരുടെ സംശയമാണിത്. ഈ സംശയത്തിനുള്ള മറുപടി പറയുകയാണ് ഏഷ്യാനെറ്റ് ബിസിനസ് ഹെഡും സീനിയര്‍ വൈസ് പ്രസിഡന്റുമായ രഘുരാമചന്ദ്രന്‍.

ബിഗ് ബോസ് മലയാളത്തിന് സീസണ്‍ 2 ഉണ്ടാവും എന്നത് 100 ശതമാനം ഉറപ്പാണെന്ന് പറയുന്നു രഘുരാമചന്ദ്രന്‍. "സീസണ്‍ 2 ഉണ്ടാവുമോ എന്ന് ഒരുപാടുപേര്‍ ചോദിക്കുന്നുണ്ട്. സീസണ്‍ 2 തീര്‍ച്ഛയായും ഉണ്ടാവും. 2019ല്‍ മിനിസ്‌ക്രീനിലെത്തും. ദിവസം കൃത്യമായി തീരുമാനിച്ചിട്ടില്ല. എന്നാലും 2019 ആദ്യ പകുതിയുടെ അവസാനത്തോടെ ഉണ്ടാവും.." രഘുരാമചന്ദ്രന്റെ മറുപടി.

അതേസമയം നാളെ നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ മത്സരാര്‍ഥികളും മോഹന്‍ലാലുമായുള്ള വര്‍ത്തമാനം മാത്രമല്ല ഉണ്ടാവുക. ഇപ്പോള്‍ അവശേഷിക്കുന്ന അഞ്ച് ഫൈനലിസ്റ്റുകള്‍ക്കൊപ്പം ഇതുവരെ പുറത്താക്കപ്പെട്ട മുഴുവന്‍ മത്സരാര്‍ഥികളും വേദിയിലെത്തും. ഇവരുടെ പെര്‍ഫോമന്‍സുകളുമുണ്ടാവും. സംഗീത, നൃത്തപരിപാടികള്‍ എല്ലാമുള്ള വലിയ ഷോയാണ് ഫിനാലെ വേദിയില്‍ നടക്കുക. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാവും ഗ്രാന്റ് ഫിനാലെയ്ക്ക്.