ഇതിന് പിന്നാലെ ആസിഫ് അലി ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്

കൊച്ചി: ആസിഫ് അലിയും, റിമയും അടങ്ങുന്നവരുടെ മോശം അഭിനയമാണ് തന്‍റെ ബെസ്റ്റ് ഓഫ് ലക്ക് എന്ന പടത്തിന്‍റെ പരാജയ കാരണം എന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ എംഎ നിഷാദ് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ആസിഫ് അലി ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കാറ്റ് എന്ന ചിത്രത്തിലെ നൂഹുകണ്ണിന്‍റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. 

ഈ കഥാപാത്രത്തെ അവതരിപ്പിക്കാനായി തന്നെ തിരഞ്ഞെടുത്ത അരുണ്‍ കുമാറിന് നന്ദിയും പറഞ്ഞാണ് ആസിഫ് പോസ്റ്റ് അവസാനിപ്പിച്ചത്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തില്‍ ശക്തമായ മേക്കോവറും അഭിനയപ്രാധാന്യവുമായ കഥാപാത്രമായിരുന്നു കാറ്റിലേത്. മികച്ച നിരൂപക പ്രശംസ നേടിയ ചിത്രം കൂടിയായിരുന്നു ഇത്.

പത്മരാജന്‍റെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി അനന്തപദ്മനാഭനും അരുണ്‍ കുമാറും ചേര്‍ന്നൊരുക്കിയ സിനിമയാണ് കാറ്റ്. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലേക്കെത്തിയ സിനിമകളില്‍ മികച്ച സിനിമയായിരുന്നു ഇത്. ഈ ചിത്രത്തിലെ ആസിഫിന്‍റെ പ്രകടനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

 ഈ ചിത്രത്തിലൂടെ താരത്തിന് സംസ്ഥാന പുരസ്‌കാരം ലഭിക്കുമെന്ന തരത്തില്‍ വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം അത് കൈവിട്ട് പോവുകയായിരുന്നു. സംവിധായകന് നല്‍കാവുന്ന മികച്ച മറുപടിയാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. സംവിധായകന്‍ താരത്തെ നേരിട്ട് പരാമര്‍ശിച്ചിരുന്നില്ല അത് പോലെ തന്നെ ആര്‍ക്ക് വേണ്ടിയാണ് ഈ പോസ്‌റ്റെന്ന് താരവും വിശദീകരിച്ചിട്ടില്ല.