കൊച്ചി: അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ ക്ലൈമാക്‌സ് ചുംബനരംഗം മോശം രീതിയില്‍ പ്രചരിപ്പിക്കുന്നതിനെതിരെ നടന്‍ ആസിഫലി. ചിത്രത്തിലെ നായിക രജിഷ വിജയനും ആസിഫലിയും തമ്മിലുള്ള ചുംബനരംഗമാണ് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത്. ചിത്രത്തിലെ ക്ലൈമാക്സിലാണ് ഈ ചുംബനം. ചിത്രത്തിന്‍റെ സ്‌ക്രീന്‍ ഷോട്ട് എടുത്താണ് പ്രചാരണം. 

തങ്ങള്‍ ഒരിക്കല്‍ പോലും ഉദ്ദേശിച്ചിട്ടില്ലാത്ത രീതിയിലാണ് ഈ ചുംബനരംഗം പ്രചരിക്കുന്നതെന്ന് നായകന്‍ ആസിഫലിയും ചിത്രത്തിന്റെ തീരക്കഥാകൃത്ത് നവീന്‍ ഭാസ്‌കറും പറഞ്ഞു. ഞാന്‍ കമ്മിറ്റഡ് നടനാണ്. സംവിധായകന്‍ പറയുന്നത് പോലെ അഭിനയിക്കുക എന്നതാണ് എന്‍റെ കടമ. ബാക്കിയൊക്കെ ആളുകള്‍ സങ്കല്‍പ്പിച്ച് എടുക്കുന്നതിന് നമുക്ക് എന്ത് ചെയ്യാന്‍ പറ്റും-ആസിഫലി പറഞ്ഞു. 

മലയാളികളുടെ മാനസികാവസ്ഥ എത്രമാത്രം മോശമായി എന്നതിന്‍റെ തെളിവാണ് ഇതെന്ന് തിരക്കഥാകൃത്ത് നവീന്‍ ഭാസ്‌കര്‍ പറഞ്ഞു. കവി ഉദ്ദേശിച്ചത് എന്ന പുതിയ ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ തിരക്കുകള്‍ക്കിടെയാണ് അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ സ്‌ക്രീന്‍ ഷോട്ട് മോശമായി പ്രചരിക്കുന്നത് ആസിഫ് അറിഞ്ഞത്.