രോഹിത്ത് വിഎസും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രം

ബോക്‍സ്ഓഫീസ് വിജയം നേടിയില്ലെങ്കിലും സിനിമയെ ഗൗരവമായി സമീപിക്കുന്ന പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമായിരുന്നു അഡ്വഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടന്‍. ഇപ്പോഴിതാ അതേ ടീം വീണ്ടുമെത്തുന്നു. ആസിഫ് അലിയെ നായകനാക്കി രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ പേര് ഇബ്‍ലിസ് എന്നാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.

ആസിഫും നായിക മഡോണ സെബാസ്റ്റ്യനുമാണ് പോസ്റ്ററില്‍ ഉള്ളത്. 'കാരണം യാഥാര്‍ഥ്യം എന്നത് ഒരു തമാശയാണെ'ന്നാണ് ചിത്രത്തിന്‍റെ ടാഗ്‍ലൈന്‍. സംവിധായകന്‍റേതാണ് കഥ. തിരക്കഥ, സംഭാഷണം സമീര്‍ അബ്‍ദുള്‍. ഛായാഗ്രഹണം അഖില്‍ ജോര്‍ജ്ജ്. സംഗീതം ഡോണ്‍ വിന്‍സന്‍റ്. ഓഗസ്റ്റ് 3ന് തീയേറ്ററുകളിലെത്തും. അതേസമയം വിജേഷ് വിജയ്‍യുടെ മന്ദാരമാണ് ആസിഫ് അലിയുടെ അടുത്ത റിലീസ്.