നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം വഴിത്തിരിവിലേക്ക്. നടിയുടെ മൊഴി എഡിജിപി സന്ധ്യ വീണ്ടും രേഖപ്പെടുത്തി. കേസിൽ കുറ്റപത്രം സമർപ്പിച്ചതിനുശേഷം ഗൂഢാലോചന സംബന്ധിച്ച് പൊലീസിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് നടിയുടെ മൊഴി വീണ്ടുമെടുത്തത്.
നടിയെ ആക്രമിച്ച സംഭവവുമായി സിനിമാമേഖലയിലെ ചിലർക്ക് ബന്ധമുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസിന്‍റെ തുടരന്വേഷണം. ഇതിന്‍റെ ഭാഗമായിട്ടാണ് എഡിജിപി സന്ധ്യയും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയും കഴിഞ്ഞ ദിവസം ആലുവ പൊലീസ് ക്ലബിൽവെച്ച് മൊഴിയെടുത്തത്. മലയാളത്തിലെ ഒരു നടന് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് കരുതുന്നോയെന്ന് ഉദ്യോഗസ്ഥർ അരാഞ്ഞു. അതേക്കുറിച്ച് തനിക്കറിയില്ല. പക്ഷേ ചില സിനിമകളിൽ നിന്ന് ഈ നടൻ ഇടപെട്ട് തന്നെ ഒഴിവാക്കിയിരുന്നു. ചില നിർമാതാക്കളോടും തന്നെ അഭിനയിപ്പിക്കരുതെന്ന് നടൻ ആവശ്യപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ടെന്നും നടിയുടെ മൊഴിയിലുണ്ടെന്നാണ് സൂചന. തുടർ അന്വേഷണത്തിന്‍റെ ഭാഗമായിട്ടാണ് എഡിജിപിതന്നെ നേരിട്ട് അന്വേഷണത്തിനെത്തിയത്. ജയിലിൽക്കഴിഞ്ഞിരുന്ന സുനിൽകുമാർ സഹതടവുകാരനായ ജിൻസണോടാണ് സിനിമാമേഖലയിൽ ചിലർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആഴ്ചകൾക്ക് മുന്പ് പറഞ്ഞത്. കൊച്ചിയിലെ ഒരു സംവിധായകന് കൈമാറാൻ ഒരു കത്തും ജിൻസൺ ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സുനിൽകുമാർ കൊടുത്തയച്ചിരുന്നു. ഇതിനെ ചുറ്റിപ്പറ്റിയാണ് പൊലീസിന്‍റെ രണ്ടാം ഘട്ട അന്വേഷണം.
