പ്രമുഖ സിനിമാ താരം പ്രഭാസിന്‍റെ ഹൈദരാബാദിലെ ഗസ്റ്റ് ഹൗസ് സര്‍ക്കാര്‍ പിടിച്ചെടുത്ത് സീല്‍ വച്ചു. റവന്യൂ വിഭാഗത്തിന്‍റേതാണ് നടപടി. പ്രഭാസിന്‍റെ വീട് നിര്‍മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് കാണിച്ചാണ് നടപടിയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഹൈദരാബാദ്: പ്രമുഖ സിനിമാ താരം പ്രഭാസിന്‍റെ ഹൈദരാബാദിലെ ഗസ്റ്റ് ഹൗസ് സര്‍ക്കാര്‍ പിടിച്ചെടുത്ത് സീല്‍ വച്ചു. റവന്യൂ വിഭാഗത്തിന്‍റേതാണ് നടപടി. പ്രഭാസിന്‍റെ വീട് നിര്‍മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമിയിലാണെന്ന് കാണിച്ചാണ് നടപടിയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്തെ 84.3 ഏക്കറോളം വരുന്ന വസ്തുവിലെ അനധികൃത നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് നടപടികള്‍ തുടങ്ങിയിരുന്നു. 

അതേസമയം ഇതിനെതിരെ നിര്‍മാണം നടത്തിയ എല്ലാവരും സുപ്രിംകോടതിയെ സമീപിച്ചു. എന്നാല്‍ മൂന്ന് മാസം മുമ്പ് ഈ ഭൂമി സര്‍ക്കാറിന്‍റെ അധീനതയില്‍ ഉള്ളതാണെന്ന് സുപ്രിംകോടതി വിധിച്ചു. ഇതോടെയാണ് തുടര്‍ നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ട് പോയത്. പ്രഭാസിന്‍റെ ഗസ്റ്റ് ഹൗസും ഈ പ്രദേശത്തോട് ചേര്‍ന്നാണെന്നാണ് റവന്യു വകുപ്പിന്‍റെ വാദം. 

അനധികൃത നിര്‍മാണങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രഭാസിന്‍റെ വീട്ടിലെത്തിയ റവന്യൂ സംഘം വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. അകത്തേക്ക് കടക്കാന്‍ ശ്രമം നടത്തിയെങ്കിലും ആരേയും കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നോട്ടീസ് പതിച്ച് വീട് സീല്‍ ചെയ്യുകയായിരുന്നു എന്നും ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചരിത്ര വിജയം നേടിയ ബാഹുബലിക്ക് ശേഷം ബിഗ് ബജറ്റ് ചിത്രം സഹോയില്‍ അഭിനയിക്കുകയാണ് പ്രഭാസ് ഇപ്പോള്‍. ഹൈദരാബാദില്‍ തന്നെയാണ് ചിത്രത്തിന്‍റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ പ്രഭാസിന്‍റെ നായിക. ബാഹുബലിയിലൂടെ ലോകമെമ്പാടും ആരാധകരുണ്ടാക്കിയ നടനാണ് പ്രഭാസ്. റവന്യൂ വകുപ്പിന്റെ നടപടിയുമായി ബന്ധപ്പെട്ട് പ്രഭാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.