ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ റെക്കോര്‍ഡുകള്‍ നിരവധി തിരുത്തിക്കുറിച്ച ബാഹുബലി ചിത്രങ്ങളിലെ നായകനും നായികയും ജീവിതത്തിലും ഒന്നാകുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തിലെ നായകന്‍ പ്രഭാസും നായക അനുഷ്‌ക ഷെട്ടിയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ സത്യമാകുന്നുവെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇവരുടെ വിവാഹനിശ്ചയം ഡിസംബറില്‍ നടക്കുമെന്ന് ഇന്ത്യാ ഡോട്ട് കോം എന്ന വെബ്സൈറ്റിനെ ഉദ്ദരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവാര്‍ത്തയും ഉടന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. അടുത്തിടെ ബോളിവുഡ് താരം രവീണ ടണ്ടനൊപ്പം ഹൈദരാബാദില്‍ ഒരു സ്വകാര്യചടങ്ങില്‍ പ്രഭാസും അനുഷ്‌കയും ഒരുമിച്ച് വന്നിരുന്നു. ബാഹുബലിക്ക് മുമ്പ് ബില്ല, മിര്‍ച്ചി എന്നീ ചിത്രങ്ങളില്‍ പ്രഭാസും അനുഷ്‌കയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്നുമുതലേ നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. കുറേക്കാലായി പ്രഭാസിനെയും അനുഷ്‌കയെയും കുറിച്ച് പലതരത്തില്‍ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നെങ്കിലും അതെല്ലാം താരങ്ങള്‍ നിഷേധിച്ചിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവാഹനിശ്ചയ വാര്‍ത്ത സത്യമാണെന്നാണ് ഇരുവരുടെയും സുഹൃത്തുക്കള്‍ പറയുന്നത്.