മുംബൈ:പേരക്കുട്ടികള്‍ക്കുള്ള ഉപദേശം എന്ന രീതിയില്‍ അമിതാഭ് ബച്ചന്‍ എഴുതി പുറത്തുവിട്ട കത്ത് വലിയ വാര്‍ത്തയായിരുന്നു. പേരക്കുട്ടികളായ ആരാധ്യയോടും നവ്യ നവേലിയോടും തങ്ങളുടെ കുടുംബ പാരമ്പര്യത്തെ കുറിച്ചും സമൂഹത്തില്‍ എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചും ബച്ചന്‍ തന്‍റെ കത്തിലൂടെ വാചാലനായിരുന്നു.
എന്നാല്‍, 'പിങ്ക്' എന്ന തന്‍റെ ചിത്രത്തിന്‍റെ പ്രചരണത്തിനായാണ് ബച്ചന്‍ ഇത്തരമൊരു കത്തെഴുതിയതെന്ന് ആരോപിച്ച് ബച്ചന്റെ കത്തിനെ പരിഹസിച്ച് ഒരു പാരഡി കത്തുമായി രംഗത്തെത്തിയിരിക്കുകയാണ് ഹാസ്യതാരം അതുല്‍ ഖത്രി.
നിഗൂഢമായ വിപണന തന്ത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നതിന് മാതൃകയാണ് ഈ കത്തെന്നും അതുല്‍ ഖത്രി പറയുന്നു. ഞാന്‍ ഈ കത്തെഴുതുന്നത് അമിതാഭ് ബച്ചനെപ്പോലെ 'പിങ്ക്' എന്ന ചലച്ചിത്രത്തിന്‍റെ പ്രചാരണത്തിനല്ലെന്നും, 2016 സെപ്റ്റംബര്‍ 25ന് 8.30ന് അന്ധേരിയിലെ ദ് പമ്പ് റൂമില്‍ നടക്കുന്ന എന്‍റെ ഷോ പ്രചരിപ്പിക്കാനാണെന്നും ബുക്ക്‌മൈഷോയിലുള്ള ടിക്കറ്റുകള്‍ പെട്ടെന്നു വിറ്റഴിയുന്നതിനാല്‍ നിങ്ങളുടെ ടിക്കറ്റുകള്‍ വേഗം വാങ്ങുക.' എന്നും താരം ഫേസ്ബുക്കിലിട്ടിരിക്കുന്ന തന്റെ കത്തിലൂടെ പരിഹസിക്കുന്നു.
എന്നാല്‍ തന്‍റെ കത്തില്‍ പിങ്ക് എന്ന പേരില്‍ ഒരു വാക്ക് പോലും ഉച്ചരിക്കുന്നില്ലെന്നും ഇപ്പോഴുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നുമാണ് അമിതാഭിന്‍റെ പക്ഷം. ചില തല്‍പ്പര്യങ്ങളാണ് ഇപ്പോഴത്തെ വിവാദത്തിന് പിന്നില്‍, തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് thequint എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമിതാഭ് പറയുന്നു.
