അജിത് ഉൾപ്പടെയുള്ളവർ നിലവിൽ സുരക്ഷിതരാണെന്നും അപകടസാധ്യതയില്ലെന്നും മാനേജൻ പറഞ്ഞു.
ദുബായ്: ദുബായിൽ കുടുങ്ങി തമിഴ് നടൻ അജിത് കുമാർ. ഇറാൻ - അമേരിക്ക - ഇസ്രയേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വ്യോമപാത അടച്ചതിനെ തുടർന്നാണ് അജിത് ദുബായിൽ കുടുങ്ങിയത്. ദുബായിൽ നിന്നും ചെന്നൈയിലേക്ക് നടൻ വരാനിരിക്കെയാണ് സംഭവമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അജിത് ഉൾപ്പടെയുള്ളവർ നിലവിൽ സുരക്ഷിതരാണെന്നും അപകടസാധ്യതയില്ലെന്നും മാനേജൻ അറിയിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ സാധാരണ നിലയിലാകുകയും വിമാന സർവീസുകൾ പുനരാരംഭിക്കുകയും ചെയ്താൽ അജിത് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് മാനേജർ വ്യക്തമാക്കിയിട്ടുണ്ട്. അഭിനയത്തിന് പുറമെ റേസിങ്ങിനോടും തല്പരനാണ് അജിത് കുമാർ. ഇതിനോട് അനുബന്ധിച്ച് ദുബായിൽ എത്തിയതായിരുന്നു നടൻ. വരാനിരിക്കുന്ന റേസിംഗ് മത്സരങ്ങൾക്കായി അബുദാബിയിൽ വിപുലമായ പരിശീലനം നടത്തിവരികയാണ് അജിത്.
അതേസമയം, ഇസ്രയേൽ - അമേരിക്ക - ഇറാൻ യുദ്ധസാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് മമ്മൂട്ടി രംഗത്ത് എത്തിയിട്ടുണ്ട്. ലോകത്ത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യഥാർത്ഥ യുദ്ധത്തിൽ ആര് ജയിക്കുമെന്ന് അറിയില്ലെന്ന് പറഞ്ഞ മമ്മൂട്ടി, ആത്യന്തികമായി 'മനുഷ്യർ ജയിക്കണം' എന്നാണ് തന്റെ ആഗ്രഹമെന്ന് പറഞ്ഞു. ടി വി ചന്ദ്രന്റെ ചലച്ചിത്ര ജീവിതത്തിന്റെ 50-ാം വാർഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
ഇറാന്‍റെ പ്രത്യാക്രമണം ഗൾഫ് രാജ്യങ്ങളിൽ കനത്തതോടെ യുഎഇ കടുത്ത സുരക്ഷാ മുൻകരുതലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രതയാണ് യുഎഇയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ഐ സി എസ് ഇ, ഐ എസ് സി പരീക്ഷകൾ ഉൾപ്പെടെ മാറ്റിവച്ചു. ഈ ദിവസങ്ങളിൽ സ്വകാര്യ - സർക്കാർ മേഖലയിലെ ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.



