ദില്ലി: 6500 സ്‌ക്രീനുകളില്‍ ലോകമെമ്പാടും വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യദിനം 100 കോടിക്ക് മുകളില്‍ നേടിയത് ഇന്നലെ തന്നെ വാര്‍ത്തയായിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എത്രതുക ബാഹുബലി നേടിയെന്ന് വെളിപ്പെടുത്തുകയാണ് പ്രമുഖ സിനിമ നിരീക്ഷകന്‍ തരണ്‍ ആദര്‍ശ്.

Scroll to load tweet…

തെലുങ്കിന് പുറമെ മലയാളം, ഹിന്ദി, തമിഴ് ഭാഷകളില്‍ പുറത്തിറങ്ങിയ ചിത്രം റിലീസ് ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം നേടിയത് 121 കോടി രൂപയാണെന്നാണ് തരുണിന്‍റെ കണക്ക്. അതില്‍ 41 കോടിയുമായി ഹിന്ദി പതിപ്പാണ് കളക്ഷനില്‍ മുന്നില്‍. തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകളില്‍ നിന്ന് 80 കോടിയും.

യുഎസ്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങി ഇന്ത്യന്‍ സിനിമകളുടെ പ്രധാന വിദേശ മാര്‍ക്കറ്റുകളിലൊക്കെ റെക്കോര്‍ഡ് പ്രതികരണമാണ് എസ്.എസ്.രാജമൗലി ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇതില്‍ യുഎസിലാണ് ഏറ്റവും മികച്ച പ്രതികരണം. ആദ്യ രണ്ട് ദിവസങ്ങളില്‍ 78.9 ലക്ഷം ഡോളര്‍ അതായത് 50.72 കോടി രൂപ ചിത്രം നേടിയെന്നാണ് റെന്‍ട്രാക് കോര്‍പറേഷന്റെ കണക്ക്. ബോളിവുഡില്‍ നിന്ന് ഒരു ചിത്രവും ഇത്രയും പണം അമേരിക്കയില്‍ നിന്നും നേടിയിട്ടില്ല.

ആദ്യദിവസങ്ങളില്‍ത്തന്നെ ഫാന്‍സ് എന്നതിനപ്പുറം കുടുംബ പ്രേക്ഷകരും ചിത്രത്തിന് എത്തി എന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതിനാല്‍ തന്നെ ബോക്‌സ്ഓഫീസില്‍ 1000 കോടി എന്ന സ്വപ്നം അധികം ദൂരെയല്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. അതേ സമയം ആഗോള തലത്തിലെ കണക്കുകള്‍ കൂടി പരിഗണിക്കുമ്പോള്‍ ആദ്യ ദിനം ബാഹുബലി 200 കോടി എന്ന മാര്‍ക്ക് കടന്നുകഴിഞ്ഞു.