ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ് എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷൻ ഹൗസിന്റെ ആനിമേഷൻ ടൈറ്റിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ബേസിൽ ഇക്കാര്യം അറിയിച്ചത്.
സഹസംവിധായകനായി മലയാള സിനിമയിൽ കരിയർ തുടങ്ങി, സംവിധായകനായും സഹ നടനായും ഇപ്പോൾ നായകനായും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന പ്രേക്ഷകരുടെ പ്രിയതാരം ബേസിൽ ജോസഫ് സിനിമ നിർമ്മാണ രംഗത്തേക്ക്. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ് എന്ന് പേരിട്ടിരിക്കുന്ന പ്രൊഡക്ഷൻ ഹൗസിന്റെ ആനിമേഷൻ ടൈറ്റിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ബേസിൽ ഇക്കാര്യം അറിയിച്ചത്. അതേസമയം ആദ്യമായി നിർമ്മിക്കുന്ന സിനിമയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
"അങ്ങനെ വീണ്ടും ഇതുവരെ ചെയ്യാത്തൊരു കാര്യം ശ്രമിക്കുന്നു- സിനിമാ നിര്‍മാണം. എങ്ങനെ എന്ന് ഇപ്പോഴും പഠിച്ചുവരുന്നതേയുള്ളൂ. എന്നാല്‍, കഥകള്‍ കൂടുതല്‍ നന്നായി, ധൈര്യപൂര്‍വ്വം, പുതിയ രീതികളില്‍ പറയണം എന്നതുമാത്രമാണ് എനിക്ക് അറിയാവുന്ന ഒരുകാര്യം. എവിടെവരെ പോകുമെന്ന് നോക്കാം. ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റിലേക്ക് സ്വാഗതം" ബേസിൽ ജോസഫ് കുറിച്ചു.
മിന്നൽ മുരളി 2 വരുമോ?
അതേസമയം കുഞ്ഞിരാമായണം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ബേസിൽ ജോസഫ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. ശേഷം ഗോദ, മിന്നൽ മുരളി എന്നീ രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തു. മിന്നൽ മുരളി രണ്ടാം ഭാഗത്തിനായി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ശിവപ്രസാദ് സംവിധാനം ചെയ്ത 'മരണമാസ്' ആയിരുന്നു ബേസിൽ നായകനായി എത്തിയ ഒടുവിലത്തെ ചിത്രം. തിയേറ്ററിൽ മികച്ച മുന്നേറ്റം നടത്തിയ ചിത്രം ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു നേടിയത്. മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഹൃദയപൂർവ്വം എന്ന ചിത്രത്തിൽ കാമിയോ റോളിലും ബേസിൽ എത്തിയിരുന്നു.



