ദിമിത്താർ ബെർബറ്റോവ് വെള്ളിത്തിരയിലേക്ക്
കേരള ബ്ലാസ്റ്റേഴ്സ് താരം ദിമിത്താർ ബെർബറ്റോവ് വെള്ളിത്തിരയിലേക്ക്. ബെർബറ്റോവ് അഭിനയിച്ച ബൾഗേറിയൻ സിനിമ മേയ് 11ന് റിലീസ് ചെയ്യും.
അവിശ്വസനീയ ഗോളുകളിലൂടെ കാൽപ്പന്ത് പ്രേമികളെ വിസ്‍മയിപ്പിച്ച ദിമിത്താർ ബെർബറ്റോവ് ഇനി ബിഗ് സ്ക്രീനിൽ. റെവലൂഷൻ എക്സ് എന്ന ചിത്രത്തിലൂടെയാണ് മുപ്പത്തിയേഴുകാരനായ ബെർബറ്റോവിന്റെ അരങ്ങേറ്റം.
അധോലോകത്തിന്റെ കഥയാണ് റവലൂഷൻ എക്സ്. ദി ഗോഡ്ഫാദർ എന്ന അമേരിക്കൻ ക്രൈം ചിത്രത്തിൽ ആകൃഷ്‍ടനായാണ് ബെർബറ്റോവ് ദിമിത്താർ ഗോഷേവ് സംവിധാനം ചെയ്‍ത റവലൂഷൻ
എക്സിലെത്തിയത്.
ഫുട്ബോളിൽ നിന്ന് സിനിമയിലെത്തിയ എറിക് കന്‍റോണ, ഫ്രാങ്ക് ലിബോഫ് , ഇയാൻ റൈറ്റ്, വിന്നി ജോൺസ് തുടങ്ങിയവരുടെ പാത പിന്തുടർന്നാണ് ബെർബയും സിനിമയിലെത്തുന്നത്. ബൾഗേറിയൻ ദേശീയ ടീമിന്റെയും മാഞ്ചസ്റ്റർ
യുണൈറ്റഡിന്റെയും ടോട്ടനത്തിന്റെയും ബയർ ലെവർക്യൂസന്റെയും താരമായിരുന്ന ബെർബറ്റോവ് കേരള ബ്ലാസ്റ്റേഴ്‍സിലെത്തിയത് കഴിഞ്ഞ സീസണിൽ.
വലിയ പ്രതീക്ഷയോടെ ആരാധർകർ ബെർബറ്റോവിനെ സ്വീകരിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിനായി ഒൻപത് കളിയിൽ ഒറ്റഗോൾ നേടാനേ ബെർബയ്‍ക്ക് കഴിഞ്ഞുള്ളൂ.
