ഏതോ ഒരു കാലഘട്ടത്തിന്‍റെ മാത്രം അവകാശവും പ്രത്യേകതയുമാണ് മികച്ച ഗാനങ്ങള്‍ എന്നു കരുതന്നവരാകും സംഗീതാസ്വാദകരില്‍ ഭൂരിപക്ഷവും. എന്നാല്‍ ഇത് ആപേക്ഷികമാണെന്നാണ് അഭിപ്രായം. നല്ല പാട്ടുകള്‍ ഒരു കാലഘട്ടത്തിന്റെയും കുത്തകയല്ല. എല്ലാ കാലത്തും മികച്ച സൃഷ്ടികള്‍ ഉണ്ടായിട്ടുണ്ട്. അത് അതാത് കാലത്തെ ആസ്വാദകരുടെ രുചിഭേദങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്നു മാത്രം. ഓരോ കാലത്തെയും പാട്ടുകള്‍ ആ കാലത്തെയും ആസ്വാദകരുടെ ചിന്തകളെയും ജീവിതസ്വപ്നങ്ങളെയുമൊക്കെ അടയാളപ്പെടുത്തുക തന്നെ ചെയ്യും.

സാങ്കേതികവിദ്യയുടെ അതിപ്രസരവും മൗലികതയുടെ അഭാവവും എണ്ണത്തിലെ കുത്തൊഴുക്കുകൊണ്ടുമാവണം 2016ല്‍ പുറത്തിറങ്ങിയ നൂറുകണക്കിനു പാട്ടുകളില്‍ പലതും നമ്മള്‍ മറന്നു കഴിഞ്ഞു.  ഇതില്‍ മെലഡിയും പുതുമയും മൗലികതയും കൊണ്ട് വേറിട്ടു നില്‍ക്കുന്ന അഞ്ച് വീതം മലയാളം, ഹിന്ദി, തമിഴ്‍ഗാനങ്ങള്‍ തെരെഞ്ഞെടുക്കുകയാണ്.

മലയാളം

മലയാളത്തില്‍ ഈ വര്‍ഷം 504 സിനിമകളിലായി 529 ഓളം ഗാനങ്ങള്‍ പുറത്തിറങ്ങി. ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ക്ക് ഈണമൊരുക്കിയത് ഷാന്‍ റഹ്മാനാണ്. 23 ഗാനങ്ങള്‍. 21 ഗാനങ്ങളുമായി ഗോപീ സുന്ദറാണ് രണ്ടാം സ്ഥാനത്ത്. ഗാനരചയിതാക്കളില്‍  ബി കെ ഹരിനാരായണനും റഫീഖ് അഹമ്മദും എണ്ണംകൊണ്ടും കാമ്പുള്ള അക്ഷരക്കൂട്ടുകള്‍ കൊണ്ടും മികച്ചു നിന്നു. പുതുമുഖങ്ങള്‍ക്കൊപ്പം യേശുദാസും എം ജി ശ്രീകുമാറും പി ജയചന്ദ്രനും ഉണ്ണിമേനോനുമൊക്കെ ഈ വര്‍ഷവും ശബ്ദസാനിധ്യമായി. മലയാളത്തിലെ ആ അഞ്ചു ഗാനങ്ങള്‍ കേള്‍ക്കാം, കാണാം.

5. തിരുവാവണി രാവ്
ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം
ലളിതമായ വാക്കുകളും മലയാളത്തനിമ ചോരാത്ത ഭൂതകാലക്കുളിരുള്ള ഇമ്പമാര്‍ന്ന സംഗീതവും ഈ ഗാനത്തെ വേറിട്ടതാക്കുന്നു. ഓണസ്മരണകളിലേക്കു വഴിനടത്തുന്ന ഗാനം.
ഗാനരചന - മനു മഞ്ജിത്ത്
സംഗീതം- ഷാന്‍ റഹ്മാന്‍
ആലാപനം- ഉണ്ണിമേനോന്‍, സിതാര

4. മലമേലെ തിരിവച്ചു
മഹേഷിന്റെ പ്രതികാരം
ഇടുക്കിയുടെ സമ്പന്നത. ഗ്രാമീണ നന്മകളുടെ മൗലികാവിഷ്കാരം. ലളിതമായ ഓര്‍ക്കസ്ട്രേഷനൊപ്പം കഥാപരിസരത്തിന്‍റെ വ്യക്തമായ അവതരണം.
രചന- റഫീഖ് അഹമ്മദ്
സംഗീതം-ബിജിബാല്‍
ആലാപനം- ബിജി ബാല്‍, സൗമ്യ രാമകൃഷ്ണന്‍, ശാന്തി, സംഗീത പ്രഭു

3. നിളമണല്‍ തരികളില്‍
കിസ്മത്ത്
ന്യൂജനറേഷന്‍ ജാഡകളില്ലാത്ത ലളിതമായ മെലഡി. പ്രണയം ജ്വലിപ്പിക്കുന്ന ആലാപനം. ഈണത്തിനും വരികള്‍ക്കും ചേര്‍ന്നു നില്‍ക്കുന്ന ദൃശ്യങ്ങള്‍.
രചന - റഫീഖ് അഹമ്മദ്
സംഗീതം - സുമേഷ് പരമേശ്വര്‍
ആലാപനം- ഹരിശങ്കര്‍ കെ എസ്, ശ്രേയാ രാഘവ്

2. പൂക്കള്‍ പനിനീര്‍ പൂക്കള്‍
ആക്ഷന്‍ ഹീറോ ബിജു
ഏറെക്കാലത്തിനു ശേഷം ജെറി അമല്‍ദേവ് എന്ന സംഗീത സംവിധായകന്‍റെ തിരിച്ചു വരവിന് വഴിയൊരുക്കിയ ഗാനം. എണ്‍പതുകളുടെ ഓര്‍മ്മ. യേശുദാസിന്‍റെയും വാണിജയറാമിന്‍റെയും മധുരശബ്ദം.
രചന - സന്തോഷ് വര്‍മ്മ
സംഗീതം - ജെറി അമല്‍ദേവ്
ആലാപനം - യേശുദാസ്, വാണി ജയറാം

1. പുഴുപുലികള്‍
കമ്മട്ടിപ്പാടം

അരികു ചേർക്കപ്പെട്ടവന്‍റെ നൊമ്പരം ജ്വലിക്കുന്ന ഈ ഗാനം തന്നെയാണ് 2016ല്‍ മലയാളികള്‍ കേട്ട മികച്ച ഗാനങ്ങളില്‍ ഒന്നാംസ്ഥാനത്ത്.കൃത്യമായ രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്ന അന്‍വര്‍ അലിയുടെ ശക്തമായ കവിത. നാടോടിപ്പാട്ടിന്‍റെ താളാത്മകതയുള്ള വിനായകന്‍റെ ഈണം. ഗാനത്തിന്റെ അവതരണം തന്നെ നടപ്പുരീതികളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. ഒരു അച്ഛനും മകനും തമ്മിലുള്ള സംഭാഷണം പാട്ടിന്‍റെ മാസ്മരികത ഒട്ടും ചോരാതെ ആലപിച്ചിരിക്കുന്നു സുനില്‍ മത്തായിയും സാവിയോ ലാസും. ഉടുക്കിന്‍റെയും ഗിറ്റാറിന്‍റെയുമൊപ്പം നാടന്‍ശീലുകള്‍ കോര്‍ത്തിണക്കിയ ഓര്‍ക്കസ്ട്ര.  മനുഷ്യർ അതിരുകളിട്ട് കെട്ടിപ്പൊക്കിയ ഭൂമിയും വെട്ടിപ്പിടിച്ച കായലോരങ്ങളുമൊന്നും നമ്മുടേതല്ലെന്ന് പറയുന്ന ഗാനം ആരുമല്ലാതായിപ്പോയവന്റെ നിലവിളിയാണ്. ഒരേ സമയം മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് ഒരു തിരുത്തുപാട്ടും ഒരു വിപ്ലവഗാനവുമാണ് പുഴുപുലികള്‍ എന്ന ഗാനം.

രചന -അന്‍വര്‍ അലി
സംഗീതം - വിനായകന്‍
ആലാപനം - സുനില്‍ മത്തായി, സാവിയോ ലാസ്

ബോളീവുഡ്
ഇനി ബോളീവുഡിലേക്ക് കടക്കാം.

ഇര്‍ഷാദ് കമില്‍, അമിതാഭ് ഭട്ടാചാര്യ തുടങ്ങിയവര്‍ പാട്ടെഴുത്തിന്റെ കരുത്ത് തിരിച്ചു കൊണ്ടു വന്ന കാലമായിരുന്നു 2016. പിന്നെ എടുത്തുപറയാവുന്ന ഒരു മാറ്റം പ്രിതം എന്ന സംഗീത സംവിധായകന്‍റെ വേറിട്ട ചില ഈണങ്ങള്‍ക്ക് 2016 വേദിയായി എന്നതാണ്. സൂഫിസവും ഖവാലി ശീലുകളും തുളുമ്പുന്ന ശബ്ദം കൊണ്ട് രഹത് ഫത്തേ അലിഖാന്‍ എന്ന പാക്കിസ്ഥാനി ഗായകന്‍ ഈ വര്‍ഷവും രാജ്യാതിര്‍ത്തികള്‍ ഭേദിച്ചു.

ദംഗല്‍ എന്ന ആമിര്‍ ചിത്രത്തിലായിരുന്നു അത്. ബോളീവുഡിലെ നിരവധി ഹിറ്റ് ഗാനങ്ങളില്‍ നിന്നും താളം കൊണ്ടും വിഷ്വലൈസേഷനിലെ സമ്പന്നത കൊണ്ടും കാവ്യാത്മകതകൊണ്ടും ശ്രദ്ധേയമായ അഞ്ച് ഗാനങ്ങള്‍ തെരെഞ്ഞെടുക്കുന്നു.


5. ലട്‍കി ബ്യൂട്ടിഫുള്‍
കപൂര്‍ ആന്റ് സണ്‍സ്
സിദ്ദാര്‍ത്ഥ് മല്‍ഹോത്രയും ആലിയാഭട്ടും ആടിത്തിമര്‍ത്ത ന്യൂജന്‍ ഗാനം
രചന - ബാദ്ഷാ, കുമാര്‍ (ലി)
സംഗീതം - ബാദ്ഷാ, അമാല്‍ മാലിക്ക്
ആലാപനം - ബാദ് ഷാ, ഫാസില്‍പുര

4. തുമേ ദില്ലഗി
ആല്‍ബം - ദില്ലഗി
ടീ സീരിസിന്‍റെ ദില്ലഗി എന്ന ആല്‍ബത്തിലെ മനോഹര ഗാനങ്ങളില്‍ ഒന്ന്. ഹുമാ ഖുറേഷിയും വിദ്യുത് ജമ്മാലും അഭിനയിച്ച മനോഹര രംഗങ്ങള്‍. പ്രണയം തുളുമ്പുന്ന വരികളും സംഗീതവും. രഹത് ഫത്തേ അലിഖാന്‍റെ മധുരശബ്ദം.

രചന- മനോജ് മുന്താഷിര്‍
സംഗീതം - രഹത് ഫത്തേ അലി ഖാന്‍, സലീം - സുലൈമാന്‍ 

 

 

3. ജഗ് ഗൂമെയാ താരെ ജൈസാ നാ
സുല്‍ത്താന്‍
പുതുമ തോന്നിപ്പിക്കുന്ന മെലഡി. മധുരമായ ആലാപനം. പ്രണയത്തിലേക്ക് വഴി നടത്തുന്ന വരികള്‍. എവിടെയോ കേട്ടു മറന്ന ഗാനം.
രചന -ഇര്‍ഷാദ് കമില്‍
സംഗീതം - വിശാല്‍ ശേഖര്‍
ആലാപനം - രഹത്ത് ഫത്തേ അലിഖാന്‍

2. ഹാനിക്കാരക്ക് ബാപ്പു
ദംഗല്‍
പെണ്‍കരുത്തിന്‍റെ പ്രതീകമാണ് ദംഗലിലെ മൂന്ന് ജനപ്രിയ ഗാനങ്ങളും. എന്നാല്‍ ഹാനിക്കാരക്ക് ബാപ്പു ശ്രദ്ധേയമാകുന്നത് കുട്ടിത്തം തുളുമ്പുന്ന വരികളും സര്‍വാര്‍ ഖാന്‍ എന്ന പുതുമുഖ ബാലഗായകന്‍റെ ഊര്‍ജ്ജ്വസ്വലതയുള്ള ആലാപന ശൈലികൊണ്ടുമാണ്.

രചന -അമിതാഭ് ഭട്ടാചാര്യ
സംഗീതം- പ്രിതം
ആലാപനം - സര്‍വാര്‍ ഖാന്‍, സര്‍താസ് ഖാന്‍ ബര്‍ന

1. ദംഗല്‍ ദംഗല്‍
ദംഗല്‍
ചുഴലിക്കാറ്റു പോലെ വരുന്ന പെണ്‍കരുത്തിനെ ഓര്‍മ്മിപ്പിക്കുന്ന ദംഗലിലെ ദാഖഡ് എന്ന ഗാനവും ഈ ടൈറ്റില്‍ ട്രാക്കും ഒന്നിനൊന്നു മികച്ചു നില്‍ക്കുന്നു. എന്നാല്‍ വരികളിലെ കരുത്തും വിപ്ലവച്ചുവയുള്ള ഈണവും ദലേര്‍ മെഹന്ദിയുടെ കരുത്തന്‍ ശബ്ദവും ഈ ഗാനത്തെ ഒന്നാമതെത്തിക്കുന്നു.

മാ കെ പേട് സെ മര്‍ഘട്ട് തക് ഹെ തേരി കഹാനി പഗ് പഗ് പ്യാരെ...
ജനിക്കുമ്പോള്‍ തുടങ്ങി ശ്മശാന ഭൂമി വരെ നീ വയ്ക്കുന്ന ഓരോ ചുവടുകളും നിന്‍റെ കഥയാണ്...

രചന - അമിതാഭ് ഭട്ടാചാര്യ
സംഗീതം - പ്രിതം
ആലാപനം - ദലേര്‍ മെഹന്ദി

 

തമിഴ്

പതിവു ശൈലിയില്‍ ഏ ആര്‍ റഹ്മാന്‍. അതേ മാതൃക പിന്തുടരുന്ന ചില പുതുമുഖങ്ങള്‍. തമിഴ് സിനിമാ സംഗീതത്തില്‍ കഴിഞ്ഞ കുറച്ചുകാലമായി നിലനില്‍ക്കുന്ന അതേ പ്രവണതകള്‍ തന്നെയാണ് ഈ വര്‍ഷവും കണ്ടത്.  

5. മായാ നദി
കബാലി
രചന - ഉമാദേവി
സംഗീതം- സന്തോഷ് നാരായണ്‍
ആലാപനം- അനന്തു, പ്രദീപ് കുമാര്‍, ശ്വേതാ മോഹന്‍

4. ജിത്ത് ജില്ലാഡി
തെരി
പരമ്പരാഗത തമിഴ് ഡപ്പാകുത്തു ശൈലിയോട് നീതി പുലര്‍ത്തുന്ന ഈണം. ദേവ എന്ന ജനപ്രിയ സംഗീത സംവിധായകനെ ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ഗായകന്‍റെ വേഷത്തില്‍ തിരിച്ചെത്തിച്ച ഗാനമെന്നതും പ്രത്യേകത. വേറിട്ട ആലാപനം.
രചന - രോകേഷ്
സംഗീതം - ജി വി പ്രകാശ് കുമാര്‍
ആലാപനം - ദേവ, ബാലചന്ദ്രന്‍

3. അഡിയേ അഴകേ
ഒരുനാള്‍ കൂത്ത്
ഉള്ളുലയ്ക്കുന്ന ഈണം. വേദനിപ്പിക്കുന്ന ശബ്ദം. ജസ്റ്റിന്‍ പ്രഭാകരന്‍ എന്ന സംഗീത സംവിധായകന്‍റെ ശ്രദ്ധേയ ഈണക്കൂട്ട്.
രചന - മദന്‍ കാര്‍ക്കി
സംഗീതം - ജസ്റ്റിന്‍ പ്രഭാകരന്‍
ആലാപനം - സീന്‍ റോള്‍ഡാന്‍

 

2. ജയലക്ഷ്മീ....
സെയിത്താന്‍
ഭീതി നിറച്ചു വച്ചിരിക്കുന്ന ഈണം. പതിയെ തുടങ്ങി ചടുലതയിലേക്ക് കുതിച്ചു കയറുന്ന ഗാനം. വേറിട്ട ആലാപനം. കഥയോട് ചേര്‍ന്ന് നില്‍ക്കുന്ന വരികള്‍.
രചന - അണ്ണാമലൈ
സംഗീതം - വിജയ് ആന്റണി
ആലാപനം - യാസിന്‍ നിസാര്‍

1. തള്ളി പോകാതേ
അച്ചാം യെമ്പത് മദമെയ്യദാ

പതിവുപോലെ യുവത്വത്തെ ഭ്രമിപ്പിക്കുന്ന റഹ്മാന്‍ സംഗീതം. ഈണത്തിനിണങ്ങുന്ന ഗൗതം മോനോന്‍റെ ദൃശ്യവിന്യാസം. യുഹൃദയങ്ങളെ അനുഭൂതിയിലാറാടിക്കുന്ന ഈ ഗാനത്തിനു തന്നെയാണ് തമിഴ് പാട്ടുകളില്‍ ഒന്നാം സ്ഥാനം

രചന - താമരൈ, എഡികെ
സംഗീതം - ഏ ആര്‍ റഹ്മാന്‍
ആലാപനം- സിദ് ശ്രീറാം, അപര്‍ണാ നാരായണന്‍, എഡികെ