ബാഹുബലിക്ക് ശേഷം ബാഗമതിയിലൂടെ ശക്തമായ കഥാപാത്രവുമായി എത്തുകയാണ് അനുഷ്‌ക ഷെട്ടി. അശോക് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 26 ന് തിയേറ്ററുകളില്‍ എത്തും. വളരെ മുന്‍പ് പ്രഖ്യാപിച്ച ഈ സിനിമ ഇത്രയും വൈകാനുള്ള കാരണം അനുഷ്‌ക തന്നെ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ചു നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് അനുഷ്‌ക ഇക്കാര്യം വെളിപ്പെടുത്തിയത്. 

 2012 ലാണ് ഞാന്‍ ബാഗമതിയുടെ തിരക്കഥ ആദ്യമായി കേള്‍ക്കുന്നത്. ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ക്കപ്പുറമായില്ലേ. ബാഹുബലി, രുദ്രമാ ദേവി എന്നി ചിത്രങ്ങളുടെ തിരക്കിലായിപ്പോയതിനാല്‍ ഡേറ്റഅ നല്‍കാന്‍ സാധിച്ചില്ല.

അതിന് ശേഷം രജനീകാന്തിന്റെ ലിങ്ക, സൈസ് സീറോ എന്നീ ചിത്രങ്ങളും ചെയ്തു. അപ്പോഴും ഈ തിരക്കഥ എനിക്ക് മാറ്റിവയ്‌ക്കേണ്ടി വന്നു. എന്നാല്‍ യു വിക്രിയേഷന്‍സ് എനിക്ക് വേണ്ടി 2016 വരെ കാത്തിരുന്നു. അവരെന്നില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസമാണത്. അനുഷ്‌ക പറഞ്ഞു. 

 ചിത്രത്തിനായി അനുഷ്‌ക കഠിനാധ്വാനം ചെയ്‌തെന്നും തുടക്കം മുതല്‍ എല്ലാവര്‍ക്കും പൂര്‍ണ വിശ്വാസമായിരുന്നുവെന്നും അശോക് പറഞ്ഞു. മലയാള താരങ്ങളായ ഉണ്ണി മുകുന്ദന്‍, ജയറാം, ആശ ശരത്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.