കൊച്ചി: സിനിമയില്‍ തന്‍റെ അവസരം മുടക്കിയ വ്യക്തിയെക്കുറിച്ച് നടി ഭാമ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. തന്നെ സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ തലവേദനയാകുമെന്ന് ഒരാള്‍ സംവിധായകരെ വിളിച്ചു പറഞ്ഞിരുന്നു എന്നായിരുന്നു ഭാമയുടെ വെളിപ്പെടുത്തല്‍. മറുപടി എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കെ വിഎം വിനു ആ വ്യക്തിയുടെ പേര് പറഞ്ഞ് കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും താന്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയായിരുന്നു അയാളെന്നും ഭാമ പറഞ്ഞിരുന്നു. എന്നാല്‍ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ ഭാമ തയ്യാറായില്ല. 

ഭാമയെ ഒഴിവാക്കാന്‍ ശ്രമിച്ചതും നടന്‍ ദിലീപാണെന്ന് പ്രചരണമുണ്ടായി. തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകരെ വിളിച്ചിരുന്ന ആ വ്യക്തി ദിലീപില്ലെന്ന് ഭാമ ഫെയ്്‌സബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. അമേരിക്കന്‍ ഷോയ്ക്കിടെ ദിലീപ് ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്ന വാര്‍ത്തയും ഭാമ തള്ളിക്കളഞ്ഞു. അത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ല. താന്‍ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ ബന്ധിപ്പിച്ചു വാര്‍ത്തകള്‍ വളച്ചൊടിക്കരുതെന്നും ഭാമ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

ഭാമയുടെ ഫേസ്ബുക്ക് പോസ്റ്റ്

എല്ലാവർക്കും നമസ്കാരം, ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വാർത്തയുടെ സത്യാവസ്ഥ നിങ്ങളെ ബോധ്യപ്പെടുത്തുവാൻ വേണ്ടി മാത്രമാണ് ഇപ്പോൾ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. പ്രമുഖ വാരികയായ 'വനിതക്ക് 'ഞാൻ നൽകിയ ഇന്റർവ്യൂ വിലെ ചില പ്രസക്തഭാഗങ്ങൾ ആണ് എല്ലാവർക്കും തെറ്റിധാരണ നൽകാൻ കാരണമായതെന്ന് ഞാൻ കരുതുന്നു. 'പ്രസ്തുത വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വ്യക്തി നടൻ ദിലീപ് അല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ'.ഒരാഴ്ച മുൻപ് മറ്റൊരു മാധ്യമത്തിൽ മുതിർന്ന പത്രലേഖകൻ എഴുതിയ റിപ്പോർട്ട് മായി,എനിക്ക് യാതൊരുവിധ ബന്ധവുമില്ലായെന്നും ഇപ്പോൾ ഞാൻ നൽകിയ അഭിമുഖത്തിലെ വാക്കുകൾ ബന്ധിപ്പിച്ചു വാർത്തകൾ വളച്ചൊടിക്കരുതെന്നും അഭ്യർത്ഥിക്കുന്നു.

സ്നേഹത്തോടെ, ഭാമ