നല്ല മനസുണ്ടെങ്കില്‍ ഒരാള്‍ക്ക് നല്ല നടനാകാം എന്ന സ്റ്റാനിസ്ലാവിസ്കിയുടെ വാക്കുകള്‍ കടമെടുത്താണ് ബഷിയെ തിരഞ്ഞെടുക്കാനുള്ള കാരണം അനൂപ് പറഞ്ഞത്. അഭിനയിക്കാന്‍ അറിയാമെന്നതിനൊപ്പം നല്ല മനസുള്ളതും ബഷിക്ക് മുതല്‍ക്കൂട്ടാകും. നല്ല സൗന്ദര്യമുള്ളവര്‍ക്ക് നല്ല നടനാകാമെന്ന് രണ്ട് പേര്‍ക്കും ഗുണമാണെന്നും അനൂപ് പറഞ്ഞുവച്ചു

മുംബൈ: മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ പുതിയ അധ്യായം കുറിച്ച് ബിഗ് ബോസ് ഒന്നാം സീസണ്‍ കൊടിയിറങ്ങി കഴിഞ്ഞു. ബിഗ് ബോസ് മത്സരാര്‍ഥികളുടെ ഭാവി പരിപാടി എന്താണെന്ന ചോദ്യം സ്വാഭാവികമായും പ്രേക്ഷകര്‍ ഉയര്‍ത്തിയിട്ടുണ്ട്. ബിഗ് ബോസ് വിജയി സാബു, പേര്‍ളി, അരിസ്‌റ്റോ സുരേഷ്, ദിയ സന എന്നിവരൊക്കെ സിനിമ മേഖലയില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. 

അതിനിടയിലാണ് അനൂപ് ചന്ദ്രന്‍ താന്‍ സംവിധായകന്‍റെ കുപ്പായം അണിയുകയാണെന്ന് വെളിപ്പെടുത്തിയത്. ബിഗ് ബോസ് ഹൗസില്‍ നിന്നുള്ള ഡേവിഡ് ജോണിനെയും ബഷീര്‍ ബഷിയെയും നായകരാക്കിയുള്ള ചിത്രമാണ് തന്‍റെ മനസ്സിലെന്നും അനൂപ് വ്യക്തമാക്കിയിരുന്നു. നാടകങ്ങളൊക്കെ ഒരുക്കിയിട്ടുണ്ടെങ്കിലും സിനിമ ചെയ്യുകയെന്ന വെല്ലുവിളി എത്രത്തോളമാണെന്ന് അറിയാമെന്ന് പറഞ്ഞ അനൂപ് എന്തുകൊണ്ടാണ് നായകന്‍മാരായി ഡേവിഡ് ജോണിനെയും ബഷീര്‍ ബഷിയെയും തിരഞ്ഞെടുത്തത് എന്നും വെളിപ്പെടുത്തി.

നല്ല മനസുണ്ടെങ്കില്‍ ഒരാള്‍ക്ക് നല്ല നടനാകാം എന്ന സ്റ്റാനിസ്ലാവിസ്കിയുടെ വാക്കുകള്‍ കടമെടുത്താണ് ബഷിയെ തിരഞ്ഞെടുക്കാനുള്ള കാരണം അനൂപ് പറഞ്ഞത്. അഭിനയിക്കാന്‍ അറിയാമെന്നതിനൊപ്പം നല്ല മനസുള്ളതും ബഷിക്ക് മുതല്‍ക്കൂട്ടാകും. നല്ല സൗന്ദര്യമുള്ളവര്‍ക്ക് നല്ല നടനാകാമെന്ന് രണ്ട് പേര്‍ക്കും ഗുണമാണെന്നും അനൂപ് പറഞ്ഞുവച്ചു.

നായികയുടെ കാര്യത്തില്‍ തീരുമാനം ഉടന്‍ അറിയിക്കും. അമേരിക്കയിലെ സുഹൃത്തുക്കളാകും സിനിമ നിര്‍മ്മിക്കുകയെന്നും അനൂപ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ ഏഷ്യാനെറ്റിലൂടെ അറിയിക്കുമെന്ന് പറയുന്നതിനിടെ മൂന്ന് നായകന്‍മാര്‍ വേണമെന്ന ആവശ്യവുമായി സാബു എത്തിയത് അനൂപിന്‍റെ ഫേസ്ബുക്ക് ലൈവിനെ രസകരമാക്കി. അനൂപിന്‍റെ സിനിമയ്ക്ക് ഹൃദയം കൊണ്ട് ആശംസ അറിയിക്കാനും സാബു മറന്നില്ല.