ആദ്യ ആഴ്ചയിലെ എലിമിനേഷന്‍ ലിസ്റ്റ്
മോഹന്ലാല് അവതാരകനാവുന്ന ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ ആഴ്ചയിലെ എലിമിനേഷനുള്ള നോമിനേഷന് ലിസ്റ്റ് ആയി. പതിനാറ് മത്സരാര്ഥികളില് നിന്ന് ആറ് പേരുടെ നോമിനേഷന് ലിസ്റ്റാണ് തിങ്കളാഴ്ച പ്രഖ്യാപിച്ചത്. പതിനാറ് പേരില് ക്യാപ്റ്റനായ ശ്വേത മേനോന് ഒഴികെയുള്ള പതിനഞ്ച് പേര്ക്കും രണ്ട് പേരെ വീതം നോമിനേറ്റ് ചെയ്യാനുള്ള അവസരമാണ് ഉണ്ടായിരുന്നത്. ഇതില് അഞ്ച് പേരുകള് പ്രധാനമായും ഉയര്ന്നുവന്നതിന് പിന്നാലെ 'ബിഗ് ബോസി'ന്റെ നിര്ദേശമനുസരിച്ച് ശ്വേത മേനോനും ഒരാളെ ആദ്യ ആഴ്ചയിലെ പുറത്താക്കലിനായി നോമിനേറ്റ് ചെയ്യേണ്ടിവന്നു.
ദിയ സന, ഡേവിഡ് ജോണ്, അതിഥി റായ്, ഹിമ ശങ്കര്, ശ്രീനിഷ് അരവിന്ദ് എന്നീ പേരുകളാണ് ക്യാപ്റ്റന് ഒഴികെയുള്ളവരുടെ നാമനിര്ദേശങ്ങളില് നിന്ന് ഉയര്ന്നുവന്നത്. ഇവരില് പെടാത്ത ഒരാളെ നോമിനേറ്റ് ചെയ്യാനായിരുന്നു ശ്വേത മേനോന് ലഭിച്ച നിര്ദേശം. അരിസ്റ്റോ സുരേഷിന്റെ പേരാണ് ശ്വേത പറഞ്ഞത്. ഇതുള്പ്പെടെ ആറ് പേരുടെ ലിസ്റ്റില് നിന്നും പ്രേക്ഷകര് നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് ആദ്യ ആഴ്ച പുറത്താവുന്ന ഒരാളെ അന്തിമമായി തീരുമാനിക്കുക. വാരാന്ത്യത്തിലെ എലിമിനേഷന് എപ്പിസോഡില് പുറത്താക്കല് നടക്കുന്നതിന്റെ ഒരു മിനിറ്റ് മുന്പുവരെ പ്രേക്ഷകര്ക്ക് വോട്ട് ചെയ്യാം.
