സീസണ്‍ ഒന്ന് അവസാനിക്കുമ്പോള്‍ പങ്കെടുത്ത മിക്കവരെയും കാത്തിരിക്കുന്നത് വിനോദ വ്യവസായത്തില്‍ നിന്നുള്ള വലിയ അവസരങ്ങളാണ്. 

ബിഗ് ബോസ് ഗ്രാന്റ് ഫിനാലെ ആരംഭിക്കാന്‍ ഇനി മിനിറ്റുകള്‍ മാത്രം. പല സമയങ്ങളിലായി ബിഗ് ബോസ് ഹൗസില്‍ എത്തിയ പതിനെട്ട് മത്സരാര്‍ഥികള്‍ക്കും മുന്നില്‍ വലിയ അവസരമാണ് തുറന്നുകിട്ടിയത്. ബിഗ് ബോസ് മലയാളം ആദ്യ സീസണിന് ഇന്ന് അവസാനമാകുമ്പോഴും ആ പതിനെട്ട് പേര്‍ക്കിടയിലുള്ള സൗഹൃദം അവസാനിക്കാന്‍ ഇടയില്ല. ബിഗ് ബോസ് ഹൗസിലെ കര്‍ശന നിയമങ്ങള്‍ക്ക് വിധേയമായി ആഴ്ചകള്‍ ഒരുമിച്ച് കഴിഞ്ഞവര്‍ക്കിടയില്‍ രൂപപ്പെട്ട ബന്ധം എന്താണെന്ന് വ്യക്തമാക്കുന്നതായിരുന്നു ഫൈനലിന് തലേന്നുള്ള ശനിയാഴ്ച എപ്പിസോഡ്. പലപ്പോഴായി പുറത്തുപോയ 13 പേരില്‍ 11 പേരും എത്തിയ എപ്പിസോഡില്‍ എത്തിയവരെല്ലാം തങ്ങള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ട ഇടമായിരുന്നു അതെന്ന് ഊന്നിപ്പറഞ്ഞു.

സീസണ്‍ ഒന്ന് അവസാനിക്കുമ്പോള്‍ പങ്കെടുത്ത മിക്കവരെയും കാത്തിരിക്കുന്നത് വിനോദ വ്യവസായത്തില്‍ നിന്നുള്ള വലിയ അവസരങ്ങളാണ്. സാബുവിനും അരിസ്‌റ്റോ സുരേഷിനും ദിയ സനയ്ക്കുമൊക്കെ സിനിമയില്‍ അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാലും എടുത്തുപറയേണ്ട ഒരു സിനിമാ പ്രോജക്ട് ബിഗ് ബോസ് ഹൗസില്‍ നിന്നുള്ള മൂന്ന് സുഹൃത്തുക്കള്‍ ഒരുമിക്കുന്ന ഒരു ചിത്രമാണ്.

അനൂപ് ചന്ദ്രന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ്. ബിഗ് ബോസ് മലയാളം ഗ്രാന്റ് ഫിനാലെയുടെ മുംബൈയിലെ വേദിക്കരികില്‍ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് അനൂപ് പങ്കുവച്ചതാണ് ഇക്കാര്യം. അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ട് നായക കഥാപാത്രങ്ങളാണ് ഉള്ളത്. ബിഗ് ബോസ് മത്സരാര്‍ഥികളായിരുന്നു ഡേവിഡ് ജോണും ബഷീര്‍ ബഷിയുമാണ് അനൂപിന്റെ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

അതേസമയം ഏഴ് മണിക്ക് ആരംഭിക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ മത്സരാര്‍ഥികളും മോഹന്‍ലാലുമായുള്ള വര്‍ത്തമാനം മാത്രമല്ല ഉണ്ടാവുക. ഇപ്പോള്‍ അവശേഷിക്കുന്ന അഞ്ച് ഫൈനലിസ്റ്റുകള്‍ക്കൊപ്പം ഇതുവരെ പുറത്താക്കപ്പെട്ട മുഴുവന്‍ മത്സരാര്‍ഥികളും വേദിയിലെത്തും. ഇവരുടെ പെര്‍ഫോമന്‍സുകളുമുണ്ടാവും. സംഗീത, നൃത്തപരിപാടികള്‍ എല്ലാമുള്ള വലിയ ഷോയാണ് ഫിനാലെ വേദിയില്‍ നടക്കുക. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാവും ഗ്രാന്റ് ഫിനാലെയ്ക്ക്. അതേസമയം അവശേഷിക്കുന്ന അഞ്ച് പേര്‍ക്കായുള്ള വോട്ടിംഗ് ഇന്നലെ രാത്രി 12ന് അവസാനിച്ചു.