ഷിയാസ് കരിമിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചാണ് ബിഗ് ബോസ് ഗെയിം സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്.

ബിഗ് ബോസ് മലയാളം സീസണ്‍ ഒന്ന് അവസാനിക്കാന്‍ ഇനി അഞ്ച് ദിവസങ്ങള്‍ കൂടി. 94-ാം എപ്പിസോഡായ ബുധനാഴ്ച എപ്പിസോഡില്‍ ഏറെ പ്രത്യേകതയുള്ള ഒരു ഗെയിമാണ് ബിഗ് ബോസ് മത്സരാര്‍ഥികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. കളിപ്പാവകള്‍ എന്നായിരുന്നു ഗെയിമിന്റെ പേര്. ഷിയാസ് കരിമിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചാണ് ബിഗ് ബോസ് ഗെയിം സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്.

കുട്ടികള്‍ക്കിടയില്‍ കാലങ്ങളായി പ്രചാരത്തിലുള്ള സ്റ്റാച്യു എന്നും ഫ്രീസ് എന്നും പേരായ ഗെയിമാണ് ബിഗ് ബോസ് ഹൗസിലും അവതരിപ്പിക്കപ്പെട്ടത്. ഒന്നോ അതിലധികമോ മത്സരാര്‍ഥികളുടെ പേരും ഒപ്പം ഫ്രീസ് എന്നും ബിഗ് ബോസ് പറയുന്ന പക്ഷം അനങ്ങാതെ നില്‍ക്കണമെന്നതായിരുന്നു നിയമം. റിലീസ് എന്ന് പറയുന്നതുവരെ അങ്ങനെതന്നെ നില്‍ക്കണം. ഒരാള്‍ ഫ്രീസ് ആയി നില്‍ക്കുന്ന അവസ്ഥയില്‍ അയാളെ അലോസരപ്പെടുത്താന്‍ മറ്റുള്ളവര്‍ ശ്രമിക്കുന്നത് ചിരി പടര്‍ത്തുന്ന അനുഭവമായി. ആദ്യം ബിഗ് ബോസ് ആണ് ഫ്രീസ് പറഞ്ഞതെങ്കില്‍ പിന്നാലെ മത്സരാര്‍ഥികളില്‍ ഒരാള്‍ക്ക് ആ അവസരം ലഭിച്ചു.

പുറത്ത് ഒളിപ്പിച്ചുവച്ച റിമോട്ട് കണ്‍ട്രോള്‍ കണ്ടുപിടിക്കുന്ന ആള്‍ക്ക് 'ഫ്രീസ്, റിലീസ്, റിവേഴ്‌സ്' എന്നിവ പറയാനുള്ള അധികാരം കൈമാറുമെന്നാണ് ബിഗ് ബോസ് പറഞ്ഞത്. ഇതനുസരിച്ച് പുറത്തിറങ്ങി തെരച്ചില്‍ തുടങ്ങിയ മത്സരാര്‍ഥികളില്‍ സാബുവിനാണ് റിമോട്ട് ലഭിച്ചത്. തുടര്‍ന്ന് സാബു തനിക്ക് ലഭിച്ച അവസരം നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തു. ഷിയാസ്, പേളി എന്നിവരോടാണ് സാബു ഫ്രീസും റിലീസും റിവേഴ്‌സും റിലീസുമൊക്കെ കൂടുതലായി പറഞ്ഞത്.