ഫ്രാന്‍സിനെതിരെ ക്രൊയേഷ്യക്ക് വിജയം: ബിഗ് ബോസിലെ ലോകകപ്പ് ഫൈനല്‍

ബിഗ് ബോസ് മലയാളത്തില്‍ മത്സരാര്‍ഥികളെ തേടി മോഹന്‍ലാല്‍ എത്തി. ജൂലൈ 14 ശനിയാഴ്ച സംപ്രേഷണം ചെയ്തത് 21ാമത്തെ എപ്പിസോഡായിരുന്നു. ഈ ആഴ്ചത്തെ എലിമിനേഷനു മുന്നോടിയായാണ് മോഹന്‍ലാല്‍ ബിഗ് ഹൗസ് കാണാനെത്തിയത്. പുതിയ കുടുംബാഗമായ ഷിയാസിനോട് വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞ മോഹന്‍ലാല്‍ ലോകകപ്പ് ഫൈനലിനെ കുറിച്ച് ചോദിച്ചു. ആരൊക്കെയാണ് ഫൈനലില്‍ എത്തിയതെന്ന് പ്രവചിക്കാന്‍ മത്സരാര്‍ഥികളോട് മോഹന്‍ലാല്‍ ആവശ്യപ്പെട്ടു. മിക്കവരും ബ്രസീല്‍- അര്‍ജന്‍റീന എന്നായിരുന്നു മറുപടി പറഞ്ഞത്. പുറംലോകവുമായി യാതൊരു ബന്ധമില്ലാത്തതിനാല്‍ ഫുട്ബോള്‍ വിശേഷങ്ങളും അവര്‍ അറിഞ്ഞിരുന്നില്ല.

ഒടുവില്‍ ഫ്രാന്‍സും ക്രൊയേഷ്യയും തമ്മിലാണ് ഫൈനല്‍ നടക്കുന്നതെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി. തുടര്‍ന്ന് ബിഗ്ബോസില്‍ ഫുട്ബോള്‍ ഫൈനല്‍ അരങ്ങേറി. രഞ്ജിനിയും സാബുവും രണ്ടു ടീം ക്യാപ്റ്റന്മാരായി. ഫ്രാന്‍സ് ക്രൊയേഷ്യ എന്നീ ടീമുകളായി തരിച്ചു. നിശ്ചിത സമയത്തില്‍ ഗോള്‍ രഹിത സമനിലയിലായതോടെ കളി പെനാല്‍ട്ടിയിലേക്ക് നീണ്ടു. ഒന്നേ പൂജ്യത്തിന് ക്രൊയേഷ്യ ജയിക്കുകയും ചെയ്തു. ഞായറാഴ്ചത്തെ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സ് ജയിക്കുമെന്ന് ര‍ഞ്ജിനിയുടെ ടീം പ്രവചിച്ചു. താനും ഫ്രാന്‍സിന്‍റെ ആളാണെന്ന് സാബുവും പറഞ്ഞു. ഞായറാഴ്ച ബിഗ് ബോസില്‍ നിന്ന് ഒരാള്‍ പുറത്തുപോകും.