ബിഗ് ബോസ് വെറും ഒരു റിയാലിറ്റി ഷോയല്ല. മലയാളത്തില്‍ മോഹന്‍ലാല്‍ പറയുന്നതും അതുതന്നെയാണ്. ഇനി ചെറിയ കാര്യങ്ങളില്ല വലിയ കളികള്‍ മാത്രമാണ് എന്നാണ്  മോഹന്‍ലാലിന്‍റ വാക്കുകള്‍.  ബിഗ് ബോസിലെ മറ്റ് ഭാഷകള്‍ അത് ശരിവയ്ക്കുകയും ചെയ്യുന്നു. 

ബിഗ് ബോസ് വെറും ഒരു റിയാലിറ്റി ഷോയല്ല. മലയാളത്തില്‍ മോഹന്‍ലാല്‍ പറയുന്നതും അതു തന്നെയാണ്. ഇനി ചെറിയ കാര്യങ്ങളില്ല വലിയ കളികള്‍ മാത്രമാണ് എന്നാണ് മോഹന്‍ലാലിന്‍റെ വാക്കുകള്‍. ബിഗ് ബോസിലെ മറ്റ് ഭാഷകള്‍ അത് ശരിവയ്ക്കുകയും ചെയ്യുന്നു. 

പല സംസ്കാരത്തിലുള്ള, പല മേഖലയിലുള്ള കുറച്ചുപേര്‍ പുറംലോകവുമായി ബന്ധമില്ലാതെ നൂറു ദിവസങ്ങള്‍ ഒരുമിച്ച് കഴിയുമ്പോള്‍ ഉണ്ടാകുന്ന തുറന്നുകാട്ടലുകള്‍, വളരുകയും തളരുകയും ചെയ്യുന്ന ബന്ധങ്ങള്‍ ഇതിന്‍റെയെല്ലാം നേര്‍സാക്ഷ്യമാണ് ബിഗ് ബോസ്.

മലയാളം ബിഗ് ബോസ് ഷോയുടെ ആദ്യ പതിപ്പില്‍ നാം കാണുന്നതും അതാണ്. വലിയ ശത്രുക്കളായി ബിഗ് ഹൗസിലെത്തിയ സാബുവും രഞ്ജിനിയും അടുത്ത സുഹൃത്തുക്കളായി. വിവാഹ നിശ്ചയം കഴിഞ്ഞ് ബിഗ് ബോസിലെത്തിയ ശ്രീനിഷും പേളി മാണിയും തമ്മില്‍ പ്രണയത്തിലാകുന്നു അങ്ങനെ നിരവധി ജീവിതങ്ങളാണ് ബിഗ്ബോസ് ഹൗസിലുള്ളത്. 

ഇരുവരുടെയും പ്രണയമാണ് ബിഗ് ഹൗസിലും പുറത്ത് സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം. പേളിയും ശ്രീനിഷും പ്രണയിക്കുമ്പോള്‍ ബിഗ് ബോസ് തമിഴിലെ ഒരു പ്രണയവും ചര്‍ച്ചയിലേക്ക് വരുന്നു. 

ഒവിയയും ആരവും തമ്മില്‍ തമിഴ് ബിഗ് ബോസ് ഹൗസില്‍ പ്രണയിച്ചതും തുടര്‍ന്ന് ആത്മഹത്യാ ശ്രമത്തിലേക്ക് വരെ കാര്യങ്ങളെത്തിച്ചതും അത്ഭുതത്തോടെയാണ് പ്രേക്ഷകര്‍ കണ്ടത്. എന്താണ് ഒവിയക്കും സംഭവിച്ചത്. പ്രണയ കഥ ഇങ്ങനെ...

ബിഗ് ബോസ് തമിഴില്‍ കമല്‍ ഹാസനായിരുന്നു അവതാരകനായി എത്തിയത്. നിഷ്കളങ്കമായ പെരുമാറ്റത്തിലൂടെ വൈകാതെ ബിഗ് ബോസ് ഹൗസില്‍ ഒവിയ തമിഴ് ആരാധകരുടെ മനസില്‍ ഇടംപിടിച്ചു. തുടര്‍ന്ന് മറ്റൊരു മത്സരാര്‍ഥിയായ ആരവിനോട് ഒവിയക്ക് പ്രണയം തോന്നിത്തുടങ്ങി. 

ആ പ്രണയം ഒവിയ തുറന്നു പറയുകയും ചെയ്തു. ആദ്യം അനുകൂലമായി പെരുമാറിയ ആരവ് തുറന്നുപറച്ചിലോടെ പ്രണയാഭ്യര്‍ഥന നിരസിച്ചു. അതിനിടെയായിരുന്നു ഒവിയ സ്വിമ്മിങ് പൂളില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. ആരവിനോടുള്ള പ്രണയനൈരാശ്യത്തിന‍്റെ സമ്മര്‍ദ്ദത്തിലാണ് ഇത് സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 

ഒടുവില്‍ മാനസിക സമ്മര്‍ദ്ദം മൂലം ഒവിയ സ്വയം ബിഗ് ബോസില്‍ നിന്ന് പുറത്തുപോവുകയായിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്തുപോയതോടെ വലിയ ആരാധകവൃന്ദം ഒവിയക്ക് സ്വന്തമായിരുന്നു. തമിഴകത്തില്‍ ഒവിയ ആര്‍മി എന്ന പേരില്‍ ഫാന്‍സ് സംഘടനയും രൂപീകരിക്കപ്പെട്ടു.

പുറത്തിറങ്ങിയിട്ടും ആരവിനോടുള്ള പ്രണയത്തില്‍ മാത്രം ഒവിയ കുറവു വരുത്തിയില്ല. തന്‍റെ പ്രണയം സത്യമാണെന്നും ഒരുനാള്‍ എനിക്കത് തിരിച്ചുകിട്ടുമെന്നുമായിരുന്നു അവരുടെ പ്രതികരണം. ആരവ് ബിഗ് ബോസല്‍ വിജയിയായി. 

പുറത്തുപോയ ശേഷവും ആരവിന്‍റെ നിലപാടില്‍ മാറ്റമൊന്നും ഉണ്ടായില്ല. ബിഗ് ബോസിനകത്തെ പ്രണയം ഒരു സ്ട്രാറ്റര്‍ജി മാത്രമായിരുന്നുവെന്നാണ് ആരവ് പറഞ്ഞത്. എന്നാല്‍ സ്ക്രീനില്‍ പരസ്പരം പ്രണയിക്കാന്‍ യാതൊരു തടസവുമില്ലെന്നും ആരവ് പറഞ്ഞു.

കിരണ്‍ ടിവി അവതാരികയായി എത്തിയ ഒവിയ പൃഥ്വിരാജ് നായകനായ കങ്കാരു എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. വിരലിലെണ്ണാവുന്ന മലയാളം ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം അവര്‍ തമിഴിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. ബിഗ് ബോസിന് ശേഷം നിരവധി അവസരങ്ങളാണ് നടിയെ തേടിയെത്തിയത്.