ലൈംഗികത സംബന്ധിച്ച കാര്യങ്ങള്‍ക്ക് ഇന്ത്യന്‍ സമൂഹം ഇന്നും ഭ്രഷ്ട് കല്‍പിച്ച് പുറത്ത് നിര്‍ത്തിയിരിക്കുകയാണെന്ന് ബോളിവുഡ് നടി ബിപാഷ ബസു. ലോക ജനസംഖ്യയില്‍ രണ്ടാമത് നില്‍ക്കുന്ന രാജ്യത്താണ് ലൈഗികത, ഗര്‍ഭനിരോധന ഉറ തുടങ്ങിയ വാക്കുകള്‍ക്ക് ഇപ്പോഴും ഭ്രഷ്ട് തുടരുന്ന സാഹചര്യമെന്നും ബിപാഷ ബസു. ചെറിയ പ്രതിരോധമുപയോഗിച്ച് തടുക്കാന്‍ സാധിക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയുന്നതും ഇത് സംബന്ധിച്ച വിവരങ്ങള്‍ പങ്ക് വക്കുന്നതും ഇന്നും ഇന്ത്യയില്‍ തെറ്റായി കണക്കാക്കുന്നുവെന്നും ബിപാഷ ബസു ആരോപിച്ചു.

ലൈംഗിക രോഗങ്ങള്‍ തടയുന്നതിനും എച്ച് ഐ വി പോലുള്ള രോഗങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാന്‍ ഗര്‍ഭനിരോധന ഉറയുടെ ഉപയോഗം കൊണ്ട് സാധിക്കുമെന്നും ബിപാഷ ബസു കൂട്ടിച്ചേര്‍ത്തു. ഗര്‍ഭ നിരോധന ഉറയുടെ പരസ്യത്തില്‍ ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറും അഭിനയിച്ചത് സമൂഹ മാധ്യമങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചതിനെ തുടര്‍ന്നാണ് ബിപാഷയുടെ പ്രതികരണം.

സുരക്ഷിതമായ ലൈംഗിക ബന്ധത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം സൃഷ്ടിക്കുകയാണ് പരസ്യത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പരസ്യത്തിന്റെ സംവിധായകന്‍ പ്രസാദ് നായിക് പറയുന്നത്. പരസ്യ സംബന്ധിയായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ബിപാഷ ബസു സമൂഹമാധ്യമങ്ങളില്‍ പങ്ക് വച്ചതിന് കടുത്ത വിമര്‍ശനമാണ് താരം നേരിടേണ്ടി വന്നത്.