മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 67-ാം പിറന്നാളാണ്. സോഷ്യല്‍ മീഡിയാ കാലത്ത് പിറന്നാള്‍ ആശംസകളില്‍ ഭൂരിഭാഗവും എത്തുക വാട്‍സ്ആപും ഫേസ്ബുക്കുമൊക്കെ വഴിയാണെങ്കില്‍ ആശംസകളുമായി അര്‍ധരാത്രി നേരിട്ടെത്തി മമ്മൂട്ടിയെ ഞെട്ടിച്ചു ആരാധകര്‍. 

 

കൊച്ചി പനമ്പള്ളി നഗറിലെ മമ്മൂട്ടിയുടെ വീട്ടിലേക്കാണ് യുവാക്കളായ ഒരു സംഘം ആരാധകര്‍ ഇന്ന് പുലര്‍ച്ചെ എത്തിയത്. ഹാപ്പി ബെര്‍ത്ത്ഡേ മമ്മൂക്ക എന്ന് കൂട്ടമായി പാടിക്കൊണ്ടായിരുന്നു വരവ്. കതക് തുറന്ന് പുറത്തുവന്ന മമ്മൂട്ടി അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു. പ്രിയതാരത്തിന് നേരിട്ട് പിറന്നാള്‍ ആശംസകള്‍ നേരാനായതിന്‍റെ സന്തോഷത്തില്‍ ആരവം ഉച്ചസ്ഥായിയിലായി. എന്നാല്‍ മമ്മൂട്ടി തന്നെ കാണാനെത്തിയവരോട് ഒരു ചോദ്യം ചോദിക്കുന്നുണ്ടായിരുന്നു. പിറന്നാള്‍ കേക്ക് വേണോ എന്നായിരുന്നു അത്. കേക്ക് വേണമെന്ന് ആരാധകര്‍ പറഞ്ഞതോടെ എത്തിയ എല്ലാവര്‍ക്കും പിറന്നാള്‍ മധുരം നല്‍കിയാണ് മലയാളികളുടെ പ്രിയനടന്‍ അവരെ യാത്രയാക്കിയത്.