ഭോപ്പാല്‍: ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും രാജ്യസ്‌നേഹികളല്ലെന്ന ബിജെപി എംഎല്‍എ പന്നലാല്‍ ശക്യയുടെ പരാമര്‍ശത്തെ തള്ളി ബിജെപി രംഗത്ത്. അവര്‍ എവിടെ നിന്ന് വിവാഹം ചെയ്യണമെന്നത് ശക്യ തീരുമാനിക്കേണ്ട കാര്യമല്ലെന്ന് ബിജെപി നേതാവ് എസ് പ്രകാശ് പറഞ്ഞു. 

ഇറ്റലിയിലെ ടസ്‌കനില്‍ വച്ചാണ് കോലിയും അനുഷ്‌കയും വിവാഹിതരായത്. എന്നാല്‍ കോലിയും അനുഷ്‌കയും രാജ്യസ്‌നേഹികളല്ലെന്നും അതിനാലാണ് ഭഗവാന്‍ ശ്രീരാമന്‍ വിവാഹിതനായ മണ്ണില്‍നിന്ന് വിട്ട് വിദേശത്ത് പോയി വിവാഹം ചെയ്‌തെന്നുമായിരുന്നു മധ്യപ്രദേശിലെ ബിജെപി എംഎല്‍എയായ ശക്യയുടെ വിമര്‍ശനം. 

ഇരുവരും പണവും പ്രസിദ്ധിയും ഉണ്ടാക്കിയെടുത്തത് ഇന്ത്യയില്‍നിന്നാണ്. എന്നിട്ടും വിവാഹം കഴിക്കാന്‍ വിദേശത്തേക്ക് പോകുകയായിരുന്നു. ഈ ദമ്പതികളെ കുറിച്ചാലോചിച്ച് താന്‍ അസ്വസ്ഥനാണെന്നും ശക്യ ആരോപിച്ചിരുന്നു. 

ശക്യയുടെ പ്രസ്താവനയെ അപലപിച്ച് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് കെ കെ മിശ്ര രംഗത്തെത്തുകയും ചെയ്തു. സെലിബ്രിറ്റികളുടെ കാര്യത്തില്‍ ഇടപെടാന്‍ ശക്യ ആരാണെന്നും അദ്ദേഹത്തോട് ചോദിച്ചിട്ടാണോ അവര്‍ വിവാഹ വേദി തീരുമാനിക്കേണ്ടതെന്നും മിശ്ര ചോദിച്ചു