ചെന്നൈ: നേരം എന്ന സിനിമയിലെ വട്ടി രാജ എന്ന ഒറ്റകഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ കയറിയ താരമാണ് ബോബി സിംഹ. ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ ബോബി സിംഹ നായകനാകാതെ തന്നെ തെന്നിന്ത്യന്‍ സിനിമകളില്‍ ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുകയാണ്.
എന്നാല്‍ ബോബി സിംഹയെയും ഭാര്യയും നടിയുമായ രശ്മിയെയും വിഷമിപ്പിച്ച് കഴിഞ്ഞ ദിവസമാണ് വിവാഹ മോചന വാര്‍ത്തകള്‍ പ്രചരിച്ചത്. 2016 ഏപ്രിലില്‍ വിവാഹിതരായ ഇവര്‍ ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ പിരിയുകയാണെന്നായിരുന്നു പ്രചരണം.
എന്നാല്‍ ഇതിനെയെല്ലാം ഇരുവരും ഒന്നിച്ച് നിഷേധിച്ചു. തന്റെ കുടുംബത്തിന് ഇത്തരം വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച ബുദ്ധിമുട്ടിനെക്കുറിച്ചും സിംഹ പറഞ്ഞു. വ്യാജ വാര്‍ത്ത വന്നതിന് പിന്നാലെ നിരവധി കോളുകളാണ് വന്നത്. അച്ഛനും ബന്ധുക്കളും കൂട്ടുകാരുമെല്ലാം നിരന്തരം വിളിച്ചു.
കടുത്ത രോഷമാണ് എനിക്ക് തോന്നിയത്. പത്ര പ്രവര്‍ത്തനം എന്നു പറഞ്ഞാല്‍ സാമൂഹിക പ്രതിബദ്ധതയുള്ള തൊഴിലാണ്. വാര്‍ത്ത കൊടുക്കുമ്പോള്‍ കുറഞ്ഞത് എന്നോട് ചോദിക്കേണ്ട ഉത്തരവാദിത്വമുണ്ട്. എല്ലാം നിഷേധിച്ച് സോഷ്യല്‍ മീഡിയയിലൂടെ രശ്മിയും പ്രതികരിച്ചിരുന്നു എന്നും സിംഹ പറഞ്ഞു.
തെലുങ്കിലും തമിഴിലും തിളങ്ങിയ താരമാണ് രശ്മി. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. 2014ല്‍ പുറത്തിറങ്ങിയ ജിഗര്‍തണ്ട എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് സിംഹ സ്വന്തമാക്കി. വടക്കന്‍ സെല്‍ഫി, നേരം എന്നിവയാണ് മലയാള ചിത്രങ്ങള്‍.
