മുംബൈ: മീ ടൂ ആരോപണം നേരിടുന്ന സംവിധായകന്‍ രാജ്കുമാര്‍ ഹിറാനിയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങള്‍. നടന്‍ ശര്‍മാന്‍ ജോഷി, ഇമ്രാന്‍ ഹാഷ്മി, നടി ദിയ മിര്‍സ, നിര്‍മ്മാതാവ് ബോണി കപൂര്‍ എന്നിവരാണ് ആരോപണത്തില്‍നിന്ന് രാജ്‍കുമാര്‍ ഹിറാനിയെ പ്രതിരോധിച്ച് രംഗത്തെത്തിയത്. താന്‍ ഈ ആരോപണം വിശ്വസിക്കില്ല, അദ്ദേഹം ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്നും ബോണി കപൂര്‍ പറഞ്ഞു. 

താന്‍ രാജ്കുമാര്‍ ഹിറാനിയ്ക്കൊപ്പമാണെന്ന് 'ത്രീ ഇഡിയറ്റ്സ്' നടന്‍ ശര്‍മന്‍ ജോഷി പറഞ്ഞു. ''രാജു സര്‍, സത്യസന്ധനും ബഹുമാന്യനുമാണ്. ഇന്ന് ഇത്തരത്തിലൊരാളെ കണ്ടെത്തുക തന്നെ പ്രയാസം. എന്നെ സ്വാധീനിച്ച, ഞാന്‍ പാഠങ്ങള്‍ ഉള്‍ക്കൊണ്ട വ്യക്തിയാണ് അദ്ദേഹം...'' ശര്‍മന്‍ ജോഷി വ്യക്തമാക്കി. 

ഇത് ഒരു ആരോപണം മാത്രമാണെന്നായിരുന്നു നടന്‍ ഇമ്രാന്‍ ഹാഷ്മി പ്രതികരിച്ചത്. ''ഇത് ഒരു ആരോപണം മാത്രമാണ്. സംവിധായകന്‍ ഈ ആരോപണം നിഷേധിച്ചു കഴിഞ്ഞു. ആരോപണം തെളിയുന്നതുവരെ അഭിപ്രായം പറയാന്‍ താനില്ല'' - ഹാഷ്മി പ്രതികരിച്ചു.  

ഹിറാനിയുടെ ലഗേ റഹോ മുന്നാ ഭായ് എന്ന ചിത്രത്തിലെ നടി ദിയ മിര്‍സയും സംവിധായകനെ പിന്തുണച്ച് രംഗത്തെത്തി. കഴിഞ്ഞ 15 വര്‍ഷമായി അദ്ദേഹത്തെ അടുത്ത് അറിയാവുന്ന ആളെന്ന നിലയില്‍ ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെടാനുളളത്. ഒപ്പം ജോലി ചെയ്തിട്ടുള്ള സംവിധായകരില്‍ ഏറ്റവും മാന്യനായ മനുഷ്യനാണ് ഹിറാനിയെന്നും ദിയ മിര്‍സ പറഞ്ഞു. 

2018 മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെയുള്ള ആറ് മാസം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഹിറാനിയുടെ സഹപ്രവര്‍ത്തക അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സഞ്ജയ് ദത്തിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സഞ്ജുവിന്‍റെ പോസ്റ്റ് പ്രൊഡക്ഷനിടെയായിരുന്നു സംഭവമെന്നാണ് യുവതി വ്യക്തമാക്കിയത്. 

സഞ്ജുവിന്‍റെ സഹ നിര്‍മ്മാതാക്കളായ വിധു വിനോദ് ചോപ്ര. ഭാര്യ അനുപമ ചോപ്ര,  സഹോദരി ഷെല്ലി ചോപ്ര, തിരക്കഥാകൃത്ത് അഭിജിത്ത് ജോഷി എന്നിവര്‍ക്കാണ് 2018 നവംബര്‍ 3ന് ഹിറാനിയ്ക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് യുവതി ഇ-മെയില്‍ അയച്ചത്. 

2018 ഏപ്രില്‍ 9 ന് തന്നെ വീട്ടിലെ ഓഫീസില്‍ വച്ചാണ് ഹിറാനി ലൈംഗികമായി പീഡിപ്പിച്ചതെന്ന് യുവതി ആരോപിച്ചു. ആ രാത്രിയിലും തുടര്‍ന്നുള്ള ആറ് മാസവും തന്‍റെ മനസ്സും ശരീരവും ഹൃദയവും നേരെയായിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തനിക്ക് ആ ജോലിയില്‍ തുടരേണ്ടതുണ്ടായിരുന്നു, അച്ഛന്‍റെ അസുഖം തന്നെ അവിടെ പിടിച്ച് നില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്ന് അവര്‍ ഹഫ്പോസ്റ്റ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

ജോലി പാതി വഴിയില്‍ ഉപേക്ഷിച്ച് പോയാല്‍ മറ്റൊരു ജോലി ലഭിക്കില്ലെന്ന് അവര്‍ പേടിച്ചിരുന്നുവെന്നും ഹിറാനി തന്നേകുറിച്ച് മോശമായി പറയാന്‍ ഇടയായാല്‍ ഭാവിയില്‍ തനിക്ക് ഫിലിം ഇന്‍റസ്ട്രിയില്‍ പിടിച്ച് നില്‍ക്കാനാകില്ലെന്നും അവര്‍ ഭയന്നിരുന്നുവെന്നും അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. സോനം കപൂറും അനില്‍ കപൂറും ഒരുമിക്കുന്ന ഏക് ലഡ് കി തൊ ദേകാ തൊ ഏസ ലഖാ എന്ന ചിത്രത്തിന്‍റെ പോസ്റ്ററില്‍നിന്ന് രാജ്‍കുമാര്‍ ഹിറാനിയുടെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയുടെ പേര് ഒഴിവാക്കിയിരുന്നു.

അതേസമയം ഹിറാനി തന്‍റെ അഭിഭാഷകന്‍ മുഖേനെ ആരോപണങ്ങല്‍ നിഷേധിച്ചതായാണ് റിപ്പോര്‍ട്ട്. ആരോപണം തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇരുവരും തമ്മില്‍ ജോലി സംബന്ധമായ ബന്ധമാണ് ഉണ്ടായിരുന്നതെന്ന് തെളിയിക്കുന്ന രേഖകള്‍, ഇരുവരും തമ്മിലുള്ള ഇ-മെയില്‍ സംഭാഷണങ്ങള്‍, മെസ്സേജുകള്‍ എന്നിവ ഹിറാനി പുറത്തുവിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.