'പാപ്പാ ഐ മിസിങ് യു' എന്നവള്‍ ഫോണില്‍ പറ‍ഞ്ഞു, ശ്രീദേവിയുടെ അവസാന നിമിഷങ്ങളില്‍ മനസ് തുറന്ന് ബോണി കപൂര്‍

മുംബൈ: നടി ശ്രീദേവിയുടെ മരണവും ബന്ധപ്പെട്ട വിവാദങ്ങളെല്ലാം അവസാനിച്ചു. ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിക്കുന്ന കലാകാരി അനശ്വരതയിലേക്ക് യാത്രപറഞ്ഞു. എന്നാല്‍ അവരുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവാദങ്ങളും അവസാനിക്കുന്നില്ല. ഏറെ അസൂയ ഉളവാക്കുന്ന സ്നേഹബന്ധമായിരുന്നു ശ്രീദേവി- ബോണി കപൂര്‍ ദമ്പതികളുടെത്.

ദുബായില്‍ ചേതനയറ്റ പ്രിയതമയുടെ ശരീരം ആദ്യം നേരില്‍ കണ്ടതും തുടര്‍നടപടികളെല്ലാം ചെയ്തതും ബോണി കപൂര്‍ തന്നെയായിരുന്നു. ദുബായ് പൊലീസിന്‍റെ നടപടിക്രമങ്ങള്‍ ചിലപ്പോഴൊക്കെ ബോണി കപൂറിനെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന ഘട്ടത്തില്‍ വരെ എത്തിച്ചു.

എന്നാല്‍ ശ്രീദേവിയോടൊപ്പമുള്ള അവസാന നിമിഷങ്ങളെ കുറിച്ച് ബോണി കപൂര്‍ തുറന്നു പറഞ്ഞതായാണ് പുതിയ വാര്‍ത്തകള്‍. പ്രമുഖ ഫിലിം ട്രേഡ് അനലിസ്റ്റ് കോമാല്‍ നദയോട് ബോണി കപൂര്‍ മനസ് തുറന്നതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നദ തന്‍റെ ബ്ലോഗിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.

നദയുടെ ബ്ലോഗില്‍ പറയുന്നതിങ്ങനെ... നടനും മരുമകനുമായ മോഹിത് മര്‍വയുടെ വിവാഹ ചടങ്ങില്‍ പങ്കെുടുക്കാനാണ് കുടുംബസമേതം ദുബായില്‍ എത്തിയത്. വിവാഹ ശേഷം കുറച്ചു ദിവസം അവിടെ തങ്ങാനും മകള്‍ ജാന്‍വിക്കായി പര്‍ച്ചേസ് നടത്തി ശ്രീദേവിക്ക് സര്‍പ്രൈസ് കൊടുക്കാനും ബോണി പ്ലാന്‍ ചെയ്തിരുന്നു .എന്നാല്‍ ഫെബ്രവരി 22ന് ബോണി കപൂറിന് ലക്നൗവില്‍ ഒരു മീറ്റിങ്ങിന് പോകേണ്ടതായി വന്നു. ആ ദിവസം ശ്രീദേവി സുഹൃത്തുമായി ഹോട്ടല്‍ റൂമില്‍ തന്നെ ചിലവഴിക്കുകയായിരുന്നു. പര്‍ച്ചേസ് നടത്തിയ ശേഷം തിരിച്ചുവരാനായിരുന്ന ശ്രീദേവിയുടെ പ്ലാന്‍.

24ന് രാവിലെ ശ്രീദേവി ബോണി കപൂറിനെ വിളിച്ച് "പാപ്പാ ഐ മിസിങ് യു എന്ന് പറഞ്ഞു. പാപ്പാ എന്നായിരുന്നു ശ്രീദേവി ബോണി കപൂറിനെ വിളിച്ചിരുന്നത്. എന്നാല്‍ അപ്പോഴും താന്‍ ദുബായിലേക്ക് വരുന്ന കാര്യം ബോണി ശ്രീദേവിയെ അറിയിച്ചില്ല. കഴിഞ്ഞ 24 വര്‍ഷത്തിനിടയില്‍ രണ്ട് വട്ടം മാത്രമായിരുന്നു ശ്രീദേവി താനില്ലാതെ വിദേശ യാത്ര ചെയ്തതെന്ന് ദുബായിലേക്കുള്ള വിമാന യാത്രക്കിടെ ബോണി ഓര്‍ത്തെടുത്തു. അവളെ കാണാന്‍ എന്തെന്നില്ലാത്ത ആകാംഷയിലായിരുന്നു ബോണി കപൂര്‍.- 

പ്രാദേശിക സമയം വൈകുന്നേരം 3.30ന് വിമാനം ദുബായില്‍ എത്തി. 6.20ന് ഹോട്ടലിലും. കയ്യുലുണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് ഫ്ളാറ്റിന്‍റെ ഡോര്‍ തുറന്നു. ബോണിയെ കണ്ടയുടന്‍ ശ്രീദേവി പറഞ്ഞത് ഇങ്ങനെയായിരുന്നു. ' എന്നെ കൊണ്ടുപോകാന്‍ നിങ്ങള്‍ വരുമെന്ന് എനിക്കറിയാമായിരുന്നു' ബോണിയെ കെട്ടിപ്പിട്ടിച്ചു ശ്രീദേവി ആഹ്ലാദം പങ്കുവച്ചു, പരസ്പരം ചുംബിച്ചു. അരമണിക്കൂര്‍ നേരം സംസാരിച്ചിരുന്നു. തുടര്‍ന്ന് പ്രണയാര്‍ദ്രമായ ഒരു ഡിന്നറിന് ബോണി ശ്രീദേവിയെ വിളിച്ചു. ഷോപ്പിങ് അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കാനും ശ്രീദേവിയോട് ബോണി ആവശ്യപ്പെട്ടു. ഡിന്നറിന് പോകാന്‍ ശ്രീദേവി സമ്മതിച്ചു. ശ്രീദേവി കുളിക്കാനായി ബാത്ത്റൂമിലേക്ക് പോയപ്പോള്‍ ബോണി ലിവിങ് റൂമിലേക്ക് പോന്നു. 

15 മിനുട്ടോളം ബോണി ലിവിങ് റൂമില്‍ ടിവി കണ്ട് ശ്രീദേവിയ കാത്തിരുന്നു. വരാതിരുന്നപ്പോള്‍ അവിടെയിരുന്നു തന്നെ ഉറക്കെ വിളിക്കുകയും ചെയ്തു. ശനിയാഴ്ചയായതിനാല്‍ റെസ്റ്റോറന്‍റില്‍ നല്ല തിരക്കാകുമെന്ന് ബോണിക്ക് അറിയാമായിരുന്നു. സമയം അപ്പോള്‍ തന്നെ എട്ട് മണിയായിരുന്നു. പലവട്ടം വിളിച്ചിട്ടും മറുപടിയില്ലാതായപ്പോള്‍ ബോണി ബാത്ത്റൂമിന്‍റെ കതകില്‍ മുട്ടിവിളിച്ചു. പൈപ്പില്‍ നിന്ന് വെള്ളം ഒഴുകുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്. പലവട്ടം വിളിച്ചിട്ടും മറുപടിയില്ലാതായപ്പോള്‍. വാതില്‍ തുറന്ന് അകത്ത് കടന്നു. വാതില്‍ അകത്തുനിന്ന് ലോക്ക് ചെയ്തിരുന്നില്ല. ബാത്ത് ടബില്‍ നിറഞ്ഞ് ഒഴുകുന്ന വെള്ളത്തില്‍ ശ്രീദേവി മുങ്ങി കിടക്കുന്ന കാഴ്ചയാണ് ബോണി കണ്ടത്. ബാത്ത് ടബില്‍ നിന്ന് ശ്രീദേവിയെ ഉയര്‍ത്തിയെടുത്ത് പുറത്തിരുത്തി. ചലനമറ്റ നിലയിലായിരുന്നു അവര്‍. പരിഭ്രാന്തനായി ബോണി അലറി വിളിക്കുകയായിരുന്നു- അദ്ദേഹം ബ്ലോഗില്‍ കുറിക്കുന്നു.

നദ ബ്ലോഗ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്... മരണത്തിന് പിന്നിലെ ദുരൂഹത ഇനിയും അവസാനിച്ചിട്ടില്ല, എന്നാല്‍ അവരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാദങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല... ലക്ഷങ്ങളുടെ മനസില്‍ സുന്ദരമായ മറക്കാനാകാത്ത കഴിവുറ്റ കലാകാരിയാണ് ശ്രീദേവി ഇന്നും.. അവള്‍ അനശ്വരതയിലേക്ക് യാത്രയായി-...