മോഹൻലാൽ നായകനായ ദൃശ്യം 3 തിയറ്ററുകളിൽ വൻ തരംഗം സൃഷ്ടിക്കുന്നു. 

ആളുകള്‍ കൂട്ടത്തോടെ എത്തുന്ന സിനിമകള്‍ക്കായാണ് തിയറ്റര്‍ വ്യവസായം കാത്തിരിക്കുന്നത്. അത്തരം സിനിമകള്‍ വല്ലപ്പോഴുമാണ് എത്തുന്നതെങ്കിലും. ഒരു മോഹന്‍ലാല്‍ ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം വന്നാല്‍ തിയറ്ററുകള്‍ പൂരപ്പറമ്പുകള്‍ ആവാറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനായ ഒരു ചിത്രം തിയറ്ററുകള്‍ ജനസാഗരമാക്കുകയാണ്. ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവും ആരാധകരുള്ള ഫ്രാഞ്ചൈസികളില്‍ ഒന്നായ ദൃശ്യത്തിന്‍റെ മൂന്നാം ഭാഗമാണ് ആ ചിത്രം. വന്‍ കാത്തിരിപ്പുകള്‍ക്കൊടുവില്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ ഇന്നലെയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ആഗോള തലത്തില്‍ മികച്ച ഓപണിംഗ് നേടിയ ചിത്രത്തിന് രണ്ടാം ദിനവും മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. ആദ്യ ദിനങ്ങള്‍ കൊണ്ടുതന്നെ ചിത്രം ഒരു പ്രധാന നാഴികക്കല്ല് പിന്നിടുമെന്നും ഉറപ്പായി.

ഈ ചിത്രത്തിനായി പ്രേക്ഷകര്‍ എത്രത്തോളം കാത്തിരിക്കുന്നുവെന്ന് വെളിവാക്കിയ അഡ്വാന്‍സ് ബുക്കിംഗ് ആയിരുന്നു ദൃശ്യം 3 ന് ലഭിച്ചത്. 11 ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തിന്‍റെ കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ആദ്യ ദിനം ഇന്ത്യയില്‍ നിന്ന് ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 15.85 കോടിയും ഗ്രോസ് 18.37 കോടിയുമാണ്. ആഗോള ബോക്സ് ഓഫീസില്‍ നിന്നാവട്ടെ 43.37 കോടിയും. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ട്രാക്കര്‍മാര്‍ ആഗോള തലത്തില്‍ ഇതിനേക്കാള്‍ വലിയ സംഖ്യയാണ് പറയുന്നത്. ആഗോള ഓപണിംഗ് 46 കോടിക്ക് മുകളില്‍ വരുമെന്നാണ് അവരുടെ കണക്കുകള്‍. എന്നാല്‍ ഇതൊക്കെ ആദ്യ കണക്കുകളാണ്. വൈകിട്ടോടെ അന്തിമ കണക്കുകള്‍ പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം രണ്ടാം ദിനവും വന്‍ ബുക്കിംഗ് ആണ് ചിത്രത്തിന്. ബുക്ക് മൈ ഷോയില്‍ പല ഘട്ടങ്ങളിലും മണിക്കൂറില്‍ 20,000 ടിക്കറ്റിന് മുകളില്‍ വില്‍പ്പന ഉണ്ടായിരുന്നു. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം ആദ്യ രണ്ട് ദിവസം കൊണ്ടുതന്നെ ദൃശ്യം 3 ആഗോള ബോക്സ് ഓഫീസില്‍ നിന്ന് വാരാന്‍ പോകുന്നത് 85 മുതല്‍ 90 കോടി വരെയാണ്. അതായത് 3 ദിവസം കൊണ്ട് ചിത്രം 100 കോടി കടക്കുമെന്ന് ഉറപ്പായി. ഇതോടെ ഏറ്റവും വേഗത്തില്‍ 100 കോടി പിന്നിടുന്ന രണ്ടാമത്തെ മലയാള ചിത്രമായും മാറും ദൃശ്യം 3. ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രം എമ്പുരാന്‍ ആണ്. വെറും 2 ദിവസം കൊണ്ടാണ് എമ്പുരാന്‍ ഇത് സാധ്യമാക്കിയത്. അടുത്ത സ്ഥാനത്തുള്ള തുടരും ആറ് ദിവസം കൊണ്ടാണ് 100 കോടി ക്ലബ്ബ് കടന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming