ട്രേഡ് റിപ്പോർട്ടുകൾ അനുസരിച്ച്, 'സീതാ രാമ'ത്തിന് മികച്ച ഓപ്പണിംഗ് ആണ് ലഭിച്ചിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ദുൽഖർ സൽമാൻ(Dulquer Salmaan) ചിത്രമാണ് സീതാ രാമം(Sita Ramam). 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രമായി ദുൽഖർ എത്തിയ ചിത്രം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. റിലീസ് സമയം മുതൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സീതയുടെയും റാമിന്റെയും പ്രണയം പറഞ്ഞ ചിത്രം ആദ്യദിനം ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

ട്രേഡ് റിപ്പോർട്ടുകൾ അനുസരിച്ച്, 'സീതാ രാമ'ത്തിന് മികച്ച ഓപ്പണിംഗ് ആണ് ലഭിച്ചിരിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ ഇന്ത്യയിൽ നിന്നും 5.25 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. യുഎസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാള താരം എന്ന റെക്കോർഡ് കൂടി ദുൽഖർ കരസ്ഥമാക്കിയിരിക്കുകയാണ്. യു എസ് പ്രീമിയറുകളിൽ നിന്നടക്കം 21,00,82 ഡോളർ (1.67 കോടിയിലേറെ) ആണ് ആദ്യദിനം 'സീതാ രാമം' കരസ്ഥമാക്കിയത്.

യുഎസിൽ ആദ്യദിന കളക്ഷനിൽ റെക്കോർഡ് കുറിച്ച് ദുൽഖര്‍, 'സീതാ രാമം' ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

ഓ​ഗസ്റ്റ് 5ന് റിലീസ് ചെയ്ത ചിത്രത്തിൽ മൃണാൾ താക്കൂർ ആണ് സീത എന്ന നായിക വേഷം കൈകാര്യം ചെയ്തത്. രശ്‍മിക മന്ദാന, സുമന്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നേടുകയാണ്. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിർമ്മാതാക്കൾ: അശ്വിനി ദത്ത്, ബാനർ: സ്വപ്‍ന സിനിമ, അവതരിപ്പിക്കുന്നത്: വൈജയന്തി മൂവീസ്, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു, കലാസംവിധാനം: വൈഷ്‍ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ, കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം, പിആർഒ: ആതിര ദിൽജിത്.

അതേസമയം, ഹേ സിനാമികയാണ് ദുൽഖറിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം. സല്യൂട്ട് ആണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ചിത്രത്തിൽ അരവിന്ദ് കരുണാകരന്‍ എന്ന കഥാപാത്രത്തെയാണ് ദുല്‍ഖര്‍ അവതരിപ്പിച്ചത്. അസ്ലം കെ പുരയിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് നായിക.