'മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം' എന്ന ടാ​ഗ് ലൈനോടെ എത്തിയ നരിവേട്ട. 

ടൊവിനോ തോമസ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് നരിവേട്ട. പച്ചയായ മനുഷ്യരുടെ നേർ സാക്ഷ്യമെന്നോണം എത്തിയ സിനിമ പ്രേക്ഷക-നിരൂപക പ്രശംസകൾ ഒരുപോലെ നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രം ഇതുവരെ എത്ര രൂപയുടെ കളക്ഷൻ നേടി എന്ന വിവരം പുറത്തുവരികയാണ് ഇപ്പോൾ. 

ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഇതുവരെ 12.89 കോടി രൂപയാണ് നരിവേട്ട നേടിയിരിക്കുന്നത്. പത്ത് ദിവസത്തെ കണക്കാണിത്. അതും ഇന്ത്യ നെറ്റ് കളക്ഷൻ. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിരിക്കുന്നത് കേരളത്തിൽ നിന്നുമാണ്. പത്താം ദിനത്തിൽ 1.1 കോടി രൂപ ടൊവിനോ തോമസ് ചിത്രം നേടിയെന്ന് ഇവർ റിപ്പോർട്ട് ചെയ്യുന്നു. 

'മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം' എന്ന ടാ​ഗ് ലൈനോടെ എത്തിയ നരിവേട്ട മെയ് 23നാണ് തിയറ്ററുകളിൽ എത്തിയത്. 1.65 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ടാം ദിനം 1.85 കോടി, മൂന്നാം ദിനം 2.25 കോടി എന്നിങ്ങനെയും നരിവേട്ട നേടി. ആറാം ദിനം 95 ലക്ഷം രൂപയാണ് സിനിമയ്ക്ക് നേടാനായത്. എന്നാൽ ഒൻപതാം ദിനം ആയപ്പോഴേക്കും വീണ്ടും ഒരു കോടിക്ക് മുകളിൽ ടൊവിനോ ചിത്രം കളക്ട് ചെയ്തു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 

അതേസമയം, എമ്പുരാന്‍ ആണ് ടൊവിനോയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മോഹന്‍ലാല്‍ നായകനായി എത്തിയ സിനിമ സംവിധാനം ചെയ്തത് പൃഥ്വിരാജ് ആയിരുന്നു. ഇന്‍റസ്ട്രി ഹിറ്റായി മാറിയ സിനിമയില്‍ ജതിന്‍ രാംദാസ് എന്ന പ്രധാന വേഷത്തില്‍ ആയിരുന്നു ടൊവിനോ തോമസ് എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..