മലയാളത്തിൽ ദേവദൂതൻ ആണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റി റിലീസ് ചിത്രം.
തുടരെ ബ്ലോക് ബസ്റ്റർ സിനിമകൾ സമ്മാനിച്ച് മുന്നേറിയിരിക്കുകയാണ് മലയാളത്തിന്റെ മോഹൻലാൽ. ഇന്റസ്ട്രി ഹിറ്റായി അടക്കം മാറിയ എമ്പുരാൻ, തുടരും സിനിമകൾക്ക് പിന്നാലെ മോഹൻലാലിന്റെ മറ്റൊരു ചിത്രം കൂടി തിയറ്ററുകളിൽ എത്തുകയാണ്. 2007ല്‍ പുറത്തെത്തിയ ഏറെ ജനശ്രദ്ധനേടിയ ഛോട്ടാ മുംബൈ ആണ് ആ സിനിമ. ഫോർ കെ ദൃശ്യമികവിൽ ചിത്രം റി റിലീസ് ചെയ്യും.
ജൂൺ ആറിനാണ് ഛോട്ടാ മുംബൈയുടെ റി റിലീസ്. രാവിലെ പത്ത് മണിക്കാണ് ആദ്യ ഷോ നടക്കുക. ഈ അവസരത്തിൽ ഇതുവരെ റി റിലീസ് ചെയ്ത സിനിമകളുടെ ആദ്യദിന വേൾഡ് വൈഡ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. ബോളിവുഡ് ബോക്സ് ഓഫീസ് ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ഇവരുടെ റിപ്പോർട്ട് പ്രകാരം റി റിലീസിൽ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയിരിക്കുന്ന സിനിമ ഖലേജ ആണ്. 8.10കോടിയാണ് രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ഈ ചിത്രം നേടിയത്. മഹേഷ് ബാബു നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ത്രിവിക്രം ശ്രീനിവാസ് ആണ്.
റി റിലീസ് സിനിമകളുടെ ആദ്യദിന കളക്ഷൻ
1.ഖലേജ- 8.10 കോടി
2. ഗില്ലി- 8.05 കോടി
3. ഗബ്ബാർ സിംഗ്- 7.10 കോടി
4. മുരാരി- 5.45 കോടി
5. സനം തേരി കസം- 5.25 കോടി
6. ബിസിനസ് മാൻ- 5.25 കോടി
7. ഖുശി- 4.15 കോടി
8. സിംഹാദ്രി- 4.00 കോടി
9. ആര്യ 2- 3.85 കോടി
10. ജൽസ- 3.20 കോടി
അതേസമയം, മലയാളത്തിൽ ദേവദൂതൻ ആണ് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ റി റിലീസ് ചിത്രം. മോഹൻലാൽ നായകനായി എത്തിയ ചിത്രം ആദ്യ റിലീസിൽ പരാജയം നേരിട്ടിരുന്നു. 5.4 കോടിയാണ് ദേവദൂതന്റെ കളക്ഷൻ. രണ്ടാം സ്ഥാനത്ത് സ്ഫടികമാണ്. 4.82 കോടിയാണ് ഈ പടം നേടിയത്. മൂന്നാം സ്ഥാനത്ത് മലയാളത്തിന്റെ കൾട്ട് ക്ലാസിക് ചിത്രം മണിച്ചിത്രത്താഴ് ആണ്. 4.4 കോടിയാണ് സിനിമ നേടിയത്. ഇതിൽ ഏത് കളക്ഷനാകും ഛോട്ടാ മുംബൈ മറികടക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.


