ഡിസ്നിയുടെയും ട്വന്‍റിത് സെഞ്ച്വറിയുടെയും ഈ ഉയർന്ന ബജറ്റ് ചിത്രം 2022 ല്‍ ഏറ്റവും ഉയർന്ന വരുമാനം നേടിയ അഞ്ചാമത്തെ ചിത്രമായി മാറി. 

ഹോളിവുഡ്: ചിത്രം പുറത്തിറങ്ങി പത്ത് ദിവസത്തിനുള്ളില്‍ ആഗോള ബോക്സ് ഓഫീസില്‍ വന്‍ നേട്ടം കൈവരിച്ച് അവതാര്‍ ദ വേ ഓഫ് വാട്ടര്‍. തിയറ്ററുകളിൽ 10 ദിവസത്തിന് ശേഷം ലോകമെമ്പാടുമുള്ള ടിക്കറ്റ് വിൽപ്പനയിൽ 855 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് (7,000 കോടി രൂപയ്ക്ക് തുല്യം) ഈ ജയിംസ് കാമറൂണ്‍ ചിത്രം നേടിയത്.

ഡിസ്നിയുടെയും ട്വന്‍റിത് സെഞ്ച്വറിയുടെയും ഈ ഉയർന്ന ബജറ്റ് ചിത്രം 2022 ല്‍ ഏറ്റവും ഉയർന്ന വരുമാനം നേടിയ അഞ്ചാമത്തെ ചിത്രമായി മാറി. വെറൈറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ജെയിംസ് കാമറൂണിന്റെ അവതാറിന്‍റെ 13 വര്‍ഷത്തിന് ശേഷം വന്ന രണ്ടാംഭാഗം യുഎസ് ബോക്സ്ഓഫീസില്‍ 253.7 ദശലക്ഷം ഡോളറും വിദേശത്ത് 600 ദശലക്ഷം ഡോളറും നേടിയെന്നാണ് പറയുന്നത്.

വടക്കേ അമേരിക്കയിലെ കഠിനമായ ശൈത്യകാല കാലാവസ്ഥയും ലോകമെമ്പാടുമുള്ള കൊവിഡ് പകര്‍ച്ച വ്യാധി ഭീഷണിയും സമീപഭാവിയിൽ 'അവതാർ' പുതിയഭാഗത്തിന് കാര്യമായി ബോക്‌സ് ഓഫീസില്‍ വരുമാനം സൃഷ്ടിക്കുന്നതിന് തടസ്സമായേക്കാം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

350 മില്യൺ ഡോളർ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം വർഷാവസാനത്തോടെ 1 ബില്യൺ ഡോളറിന്‍റെ നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നു. 2022-ൽ മറ്റ് രണ്ട് സിനിമകൾക്ക് മാത്രമേ ഒരു ബില്ല്യണ്‍ കടമ്പ മറികടക്കാൻ കഴിഞ്ഞിട്ടുള്ളൂ: 'ടോപ്പ് ഗൺ: മാവെറിക്ക്', 'ജുറാസിക് വേൾഡ് ഡൊമിനിയൻ.' എന്നിവയാണ് ആ സിനിമകള്‍. 

വെറൈറ്റി പറയുന്നതനുസരിച്ച്, 'അവതാർ 2' ന് വടക്കേ അമേരിക്കയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ രാജ്യം ചൈനയാണ്, 100.5 മില്യൺ ഡോളറാണ് ചൈനയിലെ നേട്ടം, കൊറിയ (53 ദശലക്ഷം ഡോളർ), ഫ്രാൻസ് (52.3 മില്യൺ ഡോളർ), ഇന്ത്യ (37 മില്യൺ ഡോളർ), ജർമ്മനിയും (35.7 ദശലക്ഷം ഡോളർ) എന്നിങ്ങനെയാണ് അവതാറിന്‍റെ ലോക മാര്‍ക്കറ്റിലെ പ്രകടനം.

ആഗോളതലത്തിൽ 2.97 ബില്യൺ യുഎസ് ഡോളർ നേടിയ ആദ്യ സിനിമയായ അവതാര്‍ ഒന്നാം ഭാഗത്തിനൊപ്പം എത്താന്‍ അവതാര്‍ വേ ഓഫ് വാട്ടറിന് സാധിക്കില്ലെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടല്‍.

ക്രിസ്‍മസ് ദിനത്തില്‍ വന്‍ നേട്ടവുമായി ഇന്ത്യന്‍ ബോക്സ് ഓഫീസ്; ഏറ്റവും കളക്ഷന്‍ നേടിയ 10 സിനിമകള്‍

സര്‍ക്കസും വീണു; ക്രിസ്മസ് അവധിക്കാലത്തും ആളെ കിട്ടാതെ ബോളിവുഡ്.!