Asianet News MalayalamAsianet News Malayalam

Bhool Bhulaiyaa 2 :അവസാനം വിജയവഴിയിലേക്ക് ബോളിവുഡും; മികച്ച കളക്ഷനുമായി മണിച്ചിത്രത്താഴ് രണ്ടാംഭാഗം

പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 2007ല്‍ പുറത്തെത്തിയ ഭൂല്‍ ഭുലയ്യയുടെ സ്റ്റാന്‍ഡ് എലോണ്‍ സീക്വല്‍ ആണിത്

Bhool Bhulaiyaa 2 box office Anees Bazmee Kartik Aaryan
Author
Thiruvananthapuram, First Published May 24, 2022, 3:37 PM IST

ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ ഇന്ത്യയിലെ ചലച്ചിത്ര വ്യവസായം എന്നാല്‍ ബോളിവുഡ് ആയിരുന്നു. എന്നാല്‍ ബാഹുബലി കാലത്തിനു ശേഷം കഥ മാറി. തെന്നിന്ത്യന്‍ ചിത്രങ്ങള്‍ (വിശേഷിച്ചും തെലുങ്ക്) ബോക്സ് ഓഫീസ് വിജയങ്ങളുടെ വലുപ്പത്തില്‍ ബോളിവുഡിനെ മറികടന്നപ്പോള്‍ കൊവിഡ് കാലം ഏറ്റവും ദോഷകരമായി ബാധിച്ച വ്യവസായമായി ബോളിവുഡും മാറി. ബോളിവുഡിലെ കോടി ക്ലബ്ബുകളുടെ തലതൊട്ടപ്പനായ അക്ഷയ് കുമാര്‍ ചിത്രങ്ങള്‍ക്കു പോലും കൊവിഡിനു ശേഷം തുറന്ന തിയറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടാനായില്ല. എന്നാല്‍ പുഷ്‍പ, ആര്‍ആര്‍ആര്‍, കെജിഎഫ് 2 തുടങ്ങിയ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമ വിജയവഴിയില്‍ പുതിയ ദൂരങ്ങള്‍ താണ്ടുകയും ചെയ്യുന്നു. റീമേക്ക്‍വുഡ് എന്നും മറ്റുമുള്ള പരിഹാസ പ്രയോഗങ്ങളിലേക്ക് സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ ബോളിവുഡിനെ താഴ്ത്തിക്കെടുമ്പോള്‍ ആ വ്യവസായത്തിന് ഒരു വിജയം അനിവാര്യമായിരുന്നു. ഇപ്പോഴിതാ വലിയ ആരവമൊന്നുമില്ലാതെ എത്തിയ ഒരു ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടുകയാണ്.

കാര്‍ത്തിക് ആര്യന്‍, തബു, കിയാര അദ്വാനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഭൂല്‍ ഭുലയ്യ 2 (Bhool Bhulaiyaa 2) ആണ് ഈ ചിത്രം. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ 2007ല്‍ പുറത്തെത്തിയ ഭൂല്‍ ഭുലയ്യയുടെ സ്റ്റാന്‍ഡ് എലോണ്‍ സീക്വല്‍ ആണ് ഇത്. മണിച്ചിത്രത്താഴിന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആയിരുന്നു ഈ ചിത്രം. എന്നാല്‍ രണ്ടാംഭാഗം സംവിധാനം ചെയ്‍തിരിക്കുന്നത് അനീസ് ബസ്‍മിയാണ്. മെയ് 20ന് തിയറ്ററുകളിലെത്തിയ ചിത്രം റിലീസ് ദിനത്തില്‍ നേടിയത് 14.11 കോടിയായിരുന്നു. രണ്ടാംദിനമായ ശനിയാഴ്ച 18.34 കോടിയും ഞായറാഴ്ച 23.51 കോടിയും തിങ്കളാഴ്ച 10.75 കോടിയുമാണ് ചിത്രത്തിന്‍റെ നേട്ടം. ഇന്ത്യയിലെ മാത്രം കളക്ഷനാണ് ഇത്. അതായത് ആദ്യ നാല് ദിനങ്ങളില്‍ നിന്ന് 66.71 കോടി രൂപ. ഉത്തരേന്ത്യന്‍ ബെല്‍റ്റില്‍ ഗ്രാമ, നഗര ഭേദമന്യെ ചിത്രത്തിന് വാരാന്ത്യ ദിനങ്ങളില്‍ ഹൌസ്ഫുള്‍ ഷോകള്‍ ലഭിച്ചിരുന്നു. ഹിറ്റഅ വറുതിയില്‍ നിന്നിരുന്ന ബോളിവുഡിന് ജീവശ്വാസമാവും ഈ ചിത്രമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.

ഫര്‍ഹാദ് സാംജി, ആകാശ് കൌശിക് എന്നിവരാണ് ചിത്രത്തിന്‍റെ രചന. ആകാശ് കൌശികിന്‍റേതാണ് കഥ. ടി സിരീസ് ഫിലിംസ്, സിനി 1 സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ഭൂഷന്‍ കുമാര്‍, മുറാദ് ഖേതേനി, ക്രിഷന്‍ കുമാര്‍, അന്‍ജും ഖേതേനി എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. രാജ്‍പാല്‍ യാദവ്, അമര്‍ ഉപാധ്യായ്, സഞ്ജയ് മിശ്ര, അശ്വിനി കല്‍സേക്കര്‍, മിലിന്ദ് ഗുണജി, കാംവീര്‍ ചൌധരി, രാജേഷ് ശര്‍മ്മ, സമര്‍ഥ് ചൌഹാന്‍, ഗോവിന്ദ് നാംദേവ്, വ്യോമ നന്ദി, കാളി പ്രസാദ് മുഖര്‍ജി എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം മനു ആനന്ദ്, എഡിറ്റിംഗ് ബണ്ടി നാഗി. 

Follow Us:
Download App:
  • android
  • ios