രാജ്കുമാർ റാവുവിന്റെയും വാമിഖ ഗബ്ബിയുടെയും ഭൂൽ ചുക് മാഫ് തിയേറ്ററുകളിൽ റിലീസ് ചെയ്തു. റിലീസ് ദിനത്തിൽ തന്നെ വൻ ടിക്കറ്റ് ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
മുംബൈ: രാജ്കുമാർ റാവുവും വാമിഖ ഗബ്ബിയും പ്രധാന വേഷങ്ങളിൽ എത്തുന്ന റൊമാന്റിക് കോമഡി ചിത്രം ഭൂൽ ചുക് മാഫ് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ തിയേറ്റർ റിലീസ് കരാറിൽ നിന്ന് അവസാന നിമിഷം പിന്മാറിയതിന് നിർമ്മാതാക്കളായ മാഡോക്ക് ഫിലിംസ്, തീയറ്റര്‍ ശൃംഖല പിവിആറുമായി നിയമയുദ്ധം തന്നെ നടത്തി.
ഓപ്പറേഷൻ സിന്ദൂരിന് ശേഷം ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾ വർദ്ധിച്ചതോടെ ഭൂൽ ചുക് മാഫ് നേരിട്ട് ഒടിടിയിൽ സ്ട്രീം ചെയ്യുമെന്ന് മാഡോക്ക് ഫിലിംസ് അറിയിച്ചിരുന്നു. എന്നിരുന്നാലും, പിവിആര്‍ ഇത് കരാർ ലംഘനമാണെന്ന് ആരോപിച്ച് കേസ് ഫയൽ ചെയ്യുകയായിരുന്നു.
പിന്നാലെ നേരത്തെ ഇരു കക്ഷികളും സമ്മതിച്ചതുപോലെ സിനിമയുടെ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ കോടതി ഉത്തരവിട്ടു. എന്നാല്‍ ചിത്രം തീയറ്ററില്‍ എത്തും മുന്‍പ് നിര്‍മ്മാതാക്കള്‍ വന്‍ പണിയാണ് തീയറ്ററുകള്‍ക്ക് കൊടുത്തത് എന്നാണ് വിവരം. ചിത്രത്തിന് മോശം മുൻകൂർ ബുക്കിംഗാണ് ലഭിച്ചത്. ഇപ്പോൾ, ഭൂൽ ചുക് മാഫ് തിയേറ്ററുകളിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് ടിക്കറ്റിന് നിർമ്മാതാക്കൾ വൻ ഓഫര്‍ ഇട്ടിരിക്കുകയാണ് എന്നാണ് വിവരം.
കളക്ഷൻ വർധിപ്പിക്കാൻ ടിക്കറ്റ് ഓഫറുകൾ നല്‍കാറുണ്ട് പക്ഷേ സാധാരണയായി സിനിമ ഓടി രണ്ട് മൂന്ന് ആഴ്ച കഴിഞ്ഞാണ് ഇത് സാധാരണ നടപ്പില്‍ വരുത്താറ്. എന്നാല്‍ ഭൂൽ ചുക് മാഫിന്‍റെ റിലീസ് ദിനത്തിലെ ഒറ്റ ടിക്കറ്റിന് 100 രൂപ ഫ്ലാറ്റ് ഡിസ്‌കൗണ്ടുകൾ വരെ വാഗ്ദാനം ചെയ്യുന്നു എന്നാണ് വിവരം. ചില സിനിമാ ഹാളുകളിൽ ടിക്കറ്റിന്റെ വില 10-22 രൂപ എന്നൊക്കെയാണ് കാണിച്ചത് എന്നാണ് വിവരം.
നേരത്തെ തന്നെ ബോക്സ് ഓഫീസ് കണക്കുകളിൽ ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ മാഡോക്ക് ഫിലിംസ് ആരോപണ നിഴലിലാണ്. സാറാ ഹാത്കെ സാറാ ബച്ച്കെ, സ്ത്രീ 2, സ്കൈ ഫോഴ്സ്, ഛാവ തുടങ്ങിയ ഈ പ്രൊഡക്ഷന്‍ ഹൗസിന്‍റെ റിലീസുകൾക്കൊപ്പം കോർപ്പറേറ്റ് ബുക്കിംഗുകൾ ഉപയോഗിച്ച് കളക്ഷൻ വർദ്ധിപ്പിച്ചതിന് മുമ്പ് വിമർശനങ്ങൾ നേരിടുന്നുണ്ട് ഇവര്‍.
ഇപ്പോൾ ബോക്സ് ഓഫീസ് കണക്കുകളിൽ കൃത്രിമം കാണിക്കാൻ വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു എന്നാണ് ആരോഫണം. ഈ ടിക്കറ്റ് നിരക്കുകളിൽ 3-4 കോടി ഓപ്പണിംഗ് ബിസിനസ്സിനെക്കുറിച്ച് തെറ്റായ ധാരണ നൽകുമെന്നും പ്രേക്ഷകരെയും വ്യാപാരത്തെയും തെറ്റിദ്ധരിപ്പിക്കുമെന്നും ട്രാക്കര്‍മാരും മറ്റും ആരോപിക്കുന്നു.