2025 ഓഗസ്റ്റ് 14ന് റിലീസ് ചെയ്യാനിരിക്കുന്ന വാർ 2, സ്വാതന്ത്ര്യദിന വാരാന്ത്യത്തിന്റെ ആനുകൂല്യം ലക്ഷ്യമിടുന്നു. 

മുംബൈ: ഇന്ത്യൻ സ്വാതന്ത്ര്യദിന വാരാന്ത്യത്തിലെ റിലീസ് ഡേറ്റില്‍ ഒരു ചിത്രം വരുന്നത് ബോളിവുഡിൽ വളരെക്കാലമായി നിലനിൽക്കുന്ന ഒരു പാരമ്പര്യത്തിന്റെ ഭാഗമാണ്. ഡിസംബർ 21 ന് റിലീസ് ചെയ്യുന്ന ഒരു സിനിമ "ക്രിസ്മസ് റിലീസ്" ആയിട്ടോ ജനുവരി 25 ന് തിയേറ്ററുകളിൽ എത്തുന്ന ഒരു സിനിമ "റിപ്പബ്ലിക് ദിന വാരാന്ത്യ ചിത്രം" ആയിട്ടോ വിപണനം ചെയ്യുന്നതുപോലെ ഒരു എക്സ്റ്റന്‍റഡ് വാരാന്ത്യം ലഭിക്കും എന്നതാണ് ഈ റിലീസ് ഡേയുടെ പ്രത്യേകത. വാർ 2 എന്ന ചിത്രവും ഈ ആനുകൂല്യം നേടാന്‍ ഉറച്ചാണ് എത്തുന്നത്.

"ബോക്‌സ് ഓഫീസ് വിജയങ്ങൾ ഉറപ്പാക്കുന്ന നീണ്ട വാരാന്ത്യങ്ങളാണ് നിർമ്മാതാക്കൾ എപ്പോഴും ലക്ഷ്യമിടുന്നത്" ഇത്തരം റിലീസുകളെ സംബന്ധിച്ച് ബോളിവുഡിലെ ഒരു ട്രാക്കര്‍ ബോളിവുഡ‍് ഹംഗാമയോട് പറഞ്ഞു. "ഓഗസ്റ്റ് 15 ഇന്ത്യയിൽ ഒരു ദേശീയ അവധി ദിവസമാണ്, ഓഗസ്റ്റ് 14 ന് ഒരു സിനിമ റിലീസ് ചെയ്യുന്നത് ആദ്യ ദിവസം മുതൽ ചിത്രത്തിന് ബോക്സോഫീസില്‍ ഗുണം ചെയ്യും. ഏതൊരു വലിയ സിനിമയ്ക്കും ഇത് തന്ത്രപരമായ നീക്കമാണ് - അല്ലാതെ രാഷ്ട്രീയ പ്രസ്താവനയല്ല." ഈ ട്രാക്കര്‍ പറയുന്നു. 

വൈആർഎഫ് സ്പൈ യൂണിവേഴ്സ് സിനിമയായ 'വാർ 2' 2025-ല്‍ ബോളിവുഡ് ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്ന പ്രോജക്റ്റുകളിലൊന്നാണ്. ഹൃത്വിക്  റോഷനും എൻടിആർ ജൂനിയറും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ഈ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയത് മെയ് 20നാണ്. ജൂനിയര്‍ എന്‍ടിആറിന്‍റെ ജന്മദിനമായ മെയ് 20നാണ് ടീസര്‍ ഇറങ്ങിയിരിക്കുന്നത്. 

സിനിമാ തിയേറ്ററുകളിൽ വന്‍ ഹൈപ്പ് സൃഷ്ടിക്കും എന്ന് കരുതുന്ന ചിത്രം അയാൻ മുഖർജിയാണ് സംവിധാനം ചെയ്യുന്നത്. ബ്രഹ്മാസ്ത്ര പോലുള്ള ചിത്രങ്ങള്‍ ഒരുക്കിയ അയാന്‍ മുഖര്‍ജിയുടെ വൈആർഎഫ് സ്പൈ യൂണിവേഴ്സിലെ ആദ്യത്തെ ചിത്രമാണ് വാര്‍ 2. ചിത്രം ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ് ഭാഷകളിലും ഇറങ്ങും. 

2025 ഓഗസ്റ്റ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും  എന്നാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഹൃതിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ വൈആർഎഫ് സ്പൈ യൂണിവേഴ്സിലെ മറ്റ് താരങ്ങളായ സല്‍മാന്‍റെ ടൈഗറോ, ഷാരൂഖിന്‍റെ പഠാനോ ക്യാമിയോ ആയി എത്തുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. ഒപ്പം ചിത്രം  ആഗോള ബോക്സ് ഓഫീസിൽ എന്ത് തരംഗം സൃഷ്ടിക്കും എന്നത് ബോളിവുഡ് ഉറ്റുനോക്കുന്ന കാര്യമാണ്.