ആരാണ് മുന്നില്‍ എത്തിയിരിക്കുന്നതെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി. 

തമിഴകത്ത് 2024ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ പ്രധാനപ്പെട്ടവയും ഹിറ്റായവയുമാണ് ക്യാപ്റ്റൻ മില്ലറും അയലാനും. വേറിട്ട സ്വഭാവത്തില്‍ എത്തിയ രണ്ട് ചിത്രങ്ങളായിരുന്നു ശിവകാര്‍ത്തികേയൻ നായകനായ അയലാനും ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലറും എന്ന പ്രത്യേകതയുണ്ട്. ആരാണ് ഒന്നാമത് എത്തിയത് എന്ന ചോദ്യം ആരാധകരുടെ മനസ്സില്‍ ഉയരുക സ്വാഭാവികം. 2024ല്‍ തമിഴ് ബോക്സ് ഓഫീസില്‍ കളക്ഷനില്‍ ഒന്നാമത് എത്തിയത് അയലാനാണ് എന്ന് ബോക്സ് ഓഫീസ് സൗത്ത് ഇന്ത്യ ആരാധകന്റ ചോദ്യത്തിന് മറുപടിയായി സാമൂഹ്യ മാധ്യമത്തില്‍ വെളിപ്പെടുത്തി.

എത്രയാണ് അയലാൻ നേടിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ആഗോള ബോക്സ് ഓഫീസില്‍ 96 കോടി രൂപയില്‍ അധികം ശിവകാര്‍ത്തികേയന്റെ അയലാൻ നേടിയിട്ടുണ്ട് എന്നാണ് മറ്റ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എന്നാല്‍ ക്യാപ്റ്റൻ മില്ലര്‍ 100 കോടി ക്ലബില്‍ എത്തിയിട്ടുണ്ട് എന്നും മനസിലാകുന്നു. കളക്ഷൻ കണക്കുകള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

ധനുഷ് നായകനായ ക്യാപ്റ്റൻ മില്ലറിന്റെ സംവിധാനം നിര്‍വഹിച്ചത് അരുണ്‍ മതേശ്വരൻ ആണ്. ക്യാപ്റ്റൻ മില്ലര്‍ എന്ന തമിഴ് ചിത്രത്തില്‍ നായിക പ്രിയങ്ക അരുള്‍ മോഹനുമൊപ്പം സുന്ദീപ് കിഷൻ, ശിവരാജ് കുമാര്‍, ജോണ്‍ കൊക്കെൻ, നിവേധിത സതിഷും പ്രധാനപ്പെട്ട കഥാപാത്രങ്ങളായി. ഛായാഗ്രാഹണം സിദ്ധാര്‍ഥാണ് നിര്‍വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുന്നു.

അയലാൻ ഒരു സയൻസ് ഫിക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ഒരു പ്രതിഫലവും ശിവകാര്‍ത്തികേയൻ വാങ്ങിയിട്ടില്ല എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സംവിധാനം ആര്‍ രവികുമാറാണ്. രാകുല്‍ പ്രീത് സിംഗ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായപ്പോള്‍ ഛായാഗ്രാഹണം നിരവ് ഷായാണ്. കൊടപടി ജെ രാജേഷാണ് നിര്‍മാണം.

Read More: 'അത്ഭുതം സംഭവിക്കുന്നു', മൂന്നാം ഞായറാഴ്ച പ്രേമലു നേടിയ തുക, പിള്ളേര് വമ്പൻമാരെ ഞെട്ടിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക