വമ്പൻമാരെ ഞെട്ടിക്കുന്ന പ്രേമലു.

സര്‍പ്രൈസുകള്‍ ഹിറ്റുകള്‍ക്ക് മുമ്പും മലയാള സിനിമാ പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ അത്തരം സര്‍പ്രൈസുകളെയൊക്കെ മറികടക്കുന്ന ചിത്രമായി മാറിയിരിക്കുകയാണ് പ്രേമലു. ചെറിയൊരു ബജറ്റില്‍ എത്തിയിട്ടും മൂന്നാം ഞായറാഴ്‍ചയും ഞെട്ടിക്കുന്ന തുക കേരളത്തില്‍ നിന്ന് നേടാൻ പ്രേമലുവിന് കഴിഞ്ഞു എന്ന കണക്കുകള്‍ പുറത്തുവരുമ്പോള്‍ അങ്ങനെ പറയുകയേ നിവൃത്തിയുള്ളൂ. ഇന്നലെ കേരളത്തില്‍ നിന്ന് രണ്ടര കോടിയില്‍ അധിക രൂപ പ്രേമലു നേടിയിട്ടുണ്ടാകും എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മൂന്നാമാഴ്‍ചയും പ്രേമലു ആഗോളതലത്തില്‍ എഴുന്നൂറിലധികം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നത് നിസാര കാര്യമല്ല. മമ്മൂട്ടിയുടെ ഭ്രമയുഗം എത്തിയിട്ടും പ്രേമലുവിന് തിയറ്ററുകള്‍ കുടുതല്‍ ലഭിക്കുന്നു എന്നത് വമ്പൻമാരെ ഞെട്ടിക്കുന്ന കാര്യമാണ്. മഞ്ഞുമ്മല്‍ ബോയ്‍സിന്റെ കുതിപ്പിലും പ്രേമലു തിയറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. റിലീസ് സമയത്ത് പ്രതീക്ഷിക്കാതിരുന്ന 100 കോടി എന്ന നേട്ടത്തില്‍ പ്രേമലു എത്തിയാല്‍ ഒട്ടും അത്ഭുതപ്പെടാനില്ല എന്നാണ് ട്രേഡ് അനലിസ്റ്റ് വിദഗദ്ധര്‍ അഭിപ്രായപ്പെടുന്നത്.

പ്രേമലു കേരളവും കടന്ന് എല്ലാത്തരം സിനിമാ പ്രേക്ഷകരെയും ആകര്‍ഷിക്കുന്നു എന്നാണ് വ്യക്തമാകുന്നത്. ബോളിവുഡ് നിര്‍മാതാക്കളായ യാഷ്‍ രാജ് ഫിലിംസ് പ്രേമലുവിന്റെ യുകെയിലെയും യൂറോപ്പിലെയും വിതരണാവകാശം സ്വന്തമാക്കിയത് പ്രേമലുവിന് ലഭിക്കുന്ന വൻ സ്വീകാര്യത കണ്ടാണ്. ബോക്സ് ഓഫീസില്‍ പ്രേമലുവിന് ലഭിക്കുന്ന കളക്ഷൻ മുൻനിര കമ്പനികളെയും അമ്പരപ്പിക്കുന്നു എന്നാണ് മനസ്സിലാകുന്നത്. ഹൈദരാബാദ് പശ്ചാത്തലമായി പ്രേമലുവിന്റെ കഥ പറഞ്ഞത് അന്നാട്ടിലെ പ്രേക്ഷകരെയും ആകര്‍ഷിക്കാൻ സഹായകരമായി.

സംവിധാനം ഗിരീഷ് എ ഡിയാണ്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും നസ്‍ലെനും മമിത്യ്‍ക്കുമൊപ്പം പ്രേമലുവില്‍ മറ്റ് പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. നസ്‍ലെന്റെയും മമിത്രയുടെയും കെമിസ്‍ട്രി പ്രേമലു സിനിമയെ പ്രേക്ഷകരെ ഇഷ്‍ടപ്പെടുത്തു. പതിയ കാലത്തിന് യോജിച്ച തമാശകള്‍ ചിത്രത്തില്‍ ചേര്‍ത്തത് പ്രേമലുവിന്റെ വിജയത്തില്‍ നിര്‍ണായക ഘടകവുമായി.

Read More: 'ആ നായകന്റെ നായികയാകാനില്ല', 10 കോടി വേണ്ടെന്നുവെച്ച് നയൻതാര

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക