നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചത്താ പച്ച ആദ്യ ദിനം നേടിയ കളക്ഷന്‍
പ്രീ റിലീസ് ഹൈപ്പുമായി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ചത്താ പച്ച. നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം വാള്‍ട്ടര്‍ എന്ന അതിഥി വേഷത്തില്‍ സാക്ഷാല്‍ മമ്മൂട്ടിയും. മലയാളത്തിലെ ആദ്യ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്റ്റൈല്‍ ആക്ഷന്‍ കോമഡി ചിത്രം എന്ന വിശേഷണവുമായി എത്തിയ ചിത്രമാണിത്. മേക്കിംഗില്‍ മലയാളത്തിന് പുതിയൊരു ബെഞ്ച് മാര്‍ക്ക് സെറ്റ് ചെയ്തിട്ടുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഓപണിംഗ് കളക്ഷന്‍ സംബന്ധിച്ച ആദ്യ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
റെസ്‍ലിംഗ് കാഴ്ചകള്‍ക്കുള്ള ട്രിബ്യൂട്ട്
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം നേടിയത് 3.9 കോടി ഗ്രോസ് ആണ്. ഓവര്‍സീസ് കണക്കുകള്‍ പുറത്തെത്തിയിട്ടില്ല. വേള്‍ഡ് റെസ്‍ലിംഗ് ഷോകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പശ്ചിമ കൊച്ചിയിലെ ഒരു സംഘം ചെറുപ്പക്കാര്‍ തങ്ങളുടെ നാട്ടില്‍ റെസ്‍ലിംഗ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതാണ് ചിത്രത്തിന്‍റെ പശ്ചാത്തലം. ഒരേ സമയം തലമുറകളെ ആനന്ദിപ്പിച്ച വേള്‍ഡ് റെസ്‍ലിംഗ് ടെലിവിഷന്‍ കാഴ്ചകള്‍ക്കും കൊച്ചിയുടെ ഗുസ്തി പാരമ്പര്യത്തിനുമുള്ള ട്രിബ്യൂട്ട് ആണ് ചിത്രം.
റീൽ വേൾഡ് എന്റർടെയ്ന്‍മെന്‍റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടെയ്ന്‍മെന്‍ഫ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത് എന്നിവർ യഥാക്രമം, ലോക്കോ ലോബോ, വെട്രി, ചെറിയാൻ, ലിറ്റിൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിലെത്തുന്നത്.
ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് ടി സീരിസ് ആണ്. സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.



