വിക്കി കൗശലിന്റെയും രശ്മിക മന്ദാനയുടെയും ഛാവ 2025-ലെ വലിയ ഹിറ്റായി മാറുന്നു. 

മുംബൈ: വിക്കി കൗശലിന്‍റെയും രശ്മിക മന്ദാനയുടെയും ഹിസ്റ്റോറിക്കൽ ഡ്രാമ 2025-ലെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റായി മാറിയിരിക്കുകയാണ്. ഛാവയുടെ ഭരണമാണ് ബോക്സോഫീസില്‍ എന്ന് തന്നെ പറയാം. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യയില്‍ മാത്രം ചിത്രം 200 കോടി കടക്കാൻ പോകുകയാണ്. 

ബുധനാഴ്ച ഛാവ കളക്ഷനിൽ വീണ്ടും കുതിച്ചുചാട്ടം നടത്തി 32 കോടി രൂപയാണ് ആഭ്യന്തര ബോക്സോഫീസില്‍ ചിത്രം നേടിയത്. ശിവാജി ജയന്തി ആയതിനാൽ ചിത്രത്തിന് ഒരു കുതിപ്പ് പ്രതീക്ഷിച്ചിരുന്നു. ഈ കുതിപ്പ് ചിത്രത്തെ ഇന്ത്യയിലെ കളക്ഷനില്‍ 200 കോടി രൂപയ്ക്ക് അടുത്തെത്തിച്ചു. ആറ് ദിവസം പിന്നിടുമ്പോൾ 197.75 കോടി രൂപയാണ് ചിത്രത്തിന്‍റെ ഇന്ത്യയിലെ മൊത്തം കളക്ഷൻ.

ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച്, ഇന്ത്യയിൽ ഛാവയുടെ ഗ്രോസ് കളക്ഷൻ 198.85 കോടി രൂപയും വിദേശ കളക്ഷൻ 30 കോടി രൂപയുമാണ്. ഇതോടെ വിക്കി കൗശലും രശ്മിക മന്ദാനയും ഒന്നിച്ച ചിത്രം ലോകമെമ്പാടുമായി 200 കോടി രൂപ പിന്നിട്ടു. 

ആഗോളതലത്തിൽ 228.85 കോടി രൂപയാണ് ചാവ നേടിയത്. നിലവിൽ, വിക്കി കൗശലിന്‍റെ 2019ലെ ചിത്രമായ ഉറി: ദ സർജിക്കൽ സ്‌ട്രൈക്കിന് ശേഷം ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ രണ്ടാമത്തെ ചിത്രമാണ് ഛാവ. എന്നാൽ ഛാവ ഉടൻ തന്നെ ഉറിയെ മറികടന്ന് വിക്കിയുടെ ഏറ്റവും വലിയ ഹിറ്റായി മാറിയേക്കുമെന്നാണ് ഇപ്പോഴത്തെ കുതിപ്പ് സൂചിപ്പിക്കുന്നത്. 

ലക്ഷ്മൺ ഉടേക്കര്‍ സംവിധാനം ചെയ്ത ഛാവ . മറാഠ ചക്രവര്‍ത്തി ആയിരുന്ന സംഭാജി മഹാരാജിന്‍റെ ജീവിതം പറയുന്ന സിനിമയാണ്. ചരിത്രപരമായ പശ്ചാത്തലവും മഹാരാഷ്ട്രയിലെ സാംഭാജിയുടെ കഥയ്ക്കുള്ള ജനപ്രീതിയും കണക്കിലെടുത്ത് മഹാരാഷ്ട്രയില്‍ ചിത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. മഡ്ഡോക്ക് ഫിലിംസ് നിര്‍മ്മിച്ച ചിത്രത്തിന് എആര്‍ റഹ്മാനാണ് സംഗീതം നല്‍കിയിരിക്കുന്നത്. 

ഇന്ത്യയൊട്ടാകെ 6677 ഷോകളില്‍ 41.41 ശതമാനം ഛാവയുടെ ബുധനാഴ്ചത്തെ തീയറ്റര്‍ ഒക്യുപെന്‍സി. മഹാരാഷ്ട്രയിലാണ് ചിത്രത്തിന് കൂടിയ കളക്ഷന്‍. അതേ സമയം ചിത്രത്തിന് മധ്യപ്രദേശില്‍ നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 

'മണ്‍ഡേ ടെസ്റ്റ് നിസാരം' : 130 കോടി ബജറ്റില്‍ ഒരുക്കിയ ഛാവ വെറും നാല് ദിവസത്തില്‍ നേടിയത്, ഞെട്ടി ബോളിവുഡ്

പുഷ്പ 2 ഡാന്‍സിന് പിന്നാലെ ബോളിവുഡ് അരങ്ങേറ്റത്തിന് ശ്രീലീല: പുതിയ ചിത്രത്തിന്‍റെ ടീസര്‍