വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്
തമിഴ് സിനിമയുടെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും വേഗത്തില്‍ 300 കോടി ക്ലബ്ബില്‍ എത്തിയ ചിത്രമാണ് കൂലി. വെറും 3 ദിവസം കൊണ്ടാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഈ നേട്ടം കൊയ്തത്. എന്നാല്‍ പ്രേക്ഷകര്‍ക്കിടയില്‍ സമ്മിശ്ര അഭിപ്രായം ലഭിച്ച ചിത്രത്തിന് രണ്ടാം ദിനം മുതല്‍ കളക്ഷനില്‍ ഡ്രോപ്പ് ഉണ്ട്. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്തതിന് ശേഷമുള്ള ആദ്യ ഞായറാഴ്ചയിലെ കളക്ഷന്‍ കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്. പ്രമുഖ ട്രാക്കര്‍മാരുടെ കൂലി കളക്ഷന്‍ കണക്കുകളില്‍ വ്യത്യാസങ്ങളുണ്ട്.
തമിഴ്നാട്ടിലെ പ്രമുഖ ട്രാക്കര്‍ ആയ സിനിട്രാക്കിന്‍റെ കണക്ക് അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് കൂലി നാലാം ദിനമായ ഞായറാഴ്ച നേടിയിരിക്കുന്നത് 59 കോടിയാണ്. ഇവരുടെ കണക്ക് പ്രകാരം ശനിയാഴ്ച ചിത്രത്തിന്‍റെ ആഗോള ഗ്രോസ് 73 കോടി ആയിരുന്നു. ഇത് പ്രകാരം ബോക്സ് ഓഫീസില്‍ ഞായറാഴ്ച ചിത്രം രേഖപ്പെടുത്തിയിരിക്കുന്ന ഇടിവ് 20 ശതമാനമാണ്. എന്നാല്‍ മറ്റൊരു പ്രമുഖ ട്രാക്കര്‍ ആയ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ കൂലി ഞായറാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത് 10.76 ശതമാനം ബോക്സ് ഓഫീസ് ഡ്രോപ്പ് ആണ്. ഇന്ത്യയില്‍ ഞായറാഴ്ച ചിത്രം നേടിയ നെറ്റ് കളക്ഷന്‍ 35.25 കോടി ആണെന്നാണ് അവര്‍ അറിയിക്കുന്നത്.
സിനിട്രാക്കിന്‍റെ കണക്കനുസരിച്ച് കൂലി ആദ്യ 4 ദിനങ്ങളില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത് 374 കോടിയാണ്. എന്നാല്‍ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ നാല് ദിനങ്ങളില്‍ ചിത്രം നേടിയിട്ടുള്ളത് 385 കോടിയാണ്. ഇവരുടെ കണക്ക് പ്രകാരം ചിത്രത്തിന്‍റെ ഇതുവരെയുള്ള ഇന്ത്യന്‍ ഗ്രോസ് 230.5 കോടിയും വിദേശ കളക്ഷന്‍ 154.5 കോടിയുമാണ്.
സിനിട്രാക്കിന്‍റെ കണക്കില്‍ മറ്റൊരു കൗതുകകരമായ വിവരം കൂടിയുണ്ട്. ഏറ്റവും വേഗത്തില്‍ 300 കോടി ക്ലബ്ബില്‍ എത്തിയ കോളിവുഡ് ചിത്രം കൂലിയാണെങ്കിലും ആദ്യ ഞായറാഴ്ച കളക്ഷനില്‍ കൂലിയേക്കാള്‍ സ്കോര്‍ ചെയ്ത മറ്റ് ചിത്രങ്ങള്‍ ഉണ്ട്. ഷങ്കര്‍- രജനികാന്ത് ചിത്രം 2 പോയിന്‍റ് 0 ആദ്യ ഞായറാഴ് നേടിയത് 100.3 കോടിയാണെന്നും ലോകേഷ് കനകരാജ് വിജയ് ചിത്രം ലിയോ നേടിയിരുന്നത് 70 കോടിയാണെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

