ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം

മലയാളികളുടെ സ്നേഹ ബഹുമാനങ്ങള്‍ നേടിയ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ദേവ. ഷാഹിദ് കപൂര്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രം ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഒന്നാണ് എന്ന് മാത്രമല്ല, മലയാളത്തില്‍ വിജയം നേടിയ 2013 ചിത്രം മുംബൈ പൊലീസിന്‍റെ റീമേക്ക് കൂടിയാണ്. മുംബൈ പൊലീസിന്‍റെ രചയിതാക്കള്‍ ആയിരുന്നു ബോബി- സഞ്ജയ്ക്കൊപ്പം അബ്ബാസ് ദലാല്‍, ഹുസൈന്‍ ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ദേവയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ബോളിവുഡ് പ്രേക്ഷകര്‍ സ്വീകരിക്കുമോ? ഇപ്പോഴിതാ ചിത്രം നേടിയ ഓപണിംഗ് കളക്ഷന്‍ സംബന്ധിച്ച ആദ്യ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് റിലീസ് ദിനത്തില്‍ നേടിയ നെറ്റ് കളക്ഷന്‍ 5 കോടിയാണ്. ഷാഹിദ് കപൂറിന്‍റെ കഴിഞ്ഞ ചിത്രം നേടിയത് പരിഗണിക്കുമ്പോള്‍ കുറവാണെങ്കിലും തിയറ്ററുകളില്‍ മറ്റ് ചിത്രങ്ങളും ഉള്ള സാഹചര്യത്തില്‍ ഭേദപ്പെട്ട ഓപണിംഗ് ആണിത്. ഷാഹിദ് കപൂറിന്‍റെ അവസാന ചിത്രമായ തേരി ബാതോം മേം ഐസാ ഉല്‍ഝാ ജിയാ (2024) റിലീസ് ദിനത്തില്‍ നേടിയത് 6.7 കോടി ആയിരുന്നു. 

അതേസമയം നേരത്തെ എത്തിയവയെങ്കിലും ചില പ്രധാന ചിത്രങ്ങള്‍ ഉത്തരേന്ത്യന്‍ തിയറ്ററുകളില്‍ ഇപ്പോഴും ആളെക്കൂട്ടുന്നുണ്ട്. അതില്‍ പ്രധാനം അക്ഷയ് കുമാറിന്‍റെ സ്കൈ ഫോഴ്സ് ആണ്. ജനുവരി 24 ന് എത്തിയ ചിത്രം ഇന്നലെ നേടിയത് 2.75 കോടിയാണ്. അതായത് ദേവ നേടിയതിന്‍റെ ഏകദേശം പകുതി. അതേസമയം ഭേദപ്പെട്ട ചിത്രമെന്ന് അഭിപ്രായം നേടിയതോടെ ദേവ ആദ്യ വാരാന്ത്യത്തില്‍ കളക്ഷനില്‍ ഉയരുമെന്ന പ്രതീക്ഷയിലാണ് ട്രേഡ് അനലിസ്റ്റുകള്‍. 

ALSO READ : മുന്‍ സൈനികോദ്യോഗസ്ഥന്‍റെ ജീവിതം പറയാന്‍ 'മൈ ജോംഗ'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം